ദില്ലി: തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ കേന്ദ്ര സർക്കാരിന് ആദ്യത്തെ കത്ത് അയച്ച് വിജയ്. ശ്രീലങ്കയില്‍ തടവിലായ ആറ് മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് വിജയ് കത്തയച്ചത്. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കൻ നാവികസേനയുടെ പിടിയിലാകുന്ന സംഭവങ്ങള്‍ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. മത്സ്യത്തൊഴിലാളികള്‍ തടവിലാകുമ്പോള്‍ എം കെ സ്റ്റാലിൻ കേന്ദ്രത്തിന് കത്ത് എഴുതുക മാത്രമാണ് ചെയ്യുന്നതെന്ന് വിജയ് നേരത്തെ വിമർശിച്ചിരുന്നു. എന്നാല്‍, വിജയ് ഇപ്പോള്‍ അതേ രീതിയില്‍ കേന്ദ്രത്തിന് കത്ത് നല്കിയതും രാഷ്ട്രീയ ചർച്ചകള്‍ക്ക് വഴിവെച്ചു.
അതിനിടെ, തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ ഓഫീസിലെ നിയമനത്തില്‍ വിവാദം ഉയര്‍ന്നു. വിജയ്യുടെ ജ്യോത്സ്യനെ സർക്കാർ പദവിയില്‍ നിയമിച്ചതിനെതിരെ കോണ്‍ഗ്രസും വിസികെയും രംഗത്തെത്തി. രാഷ്ട്രീയ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ഓഫീസർ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി തസ്തികയിലാണ് വിശ്വസ്തനായ ജ്യോത്സ്യൻ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രി വിജയ് നിയമിച്ചത്. ശമ്പളവും മറ്റും പിന്നാലെ വ്യക്തമാക്കുമെന്നാണ് ഉത്തരവ്. അണ്ണാഡിഎംകെയിലെ വിമത എംഎല്‍എമാരെ വിജയ് സന്ദർശിച്ചതും ചർച്ചയായി. അതേസമയം, ആരാധനാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപമുള്ള മദ്യശാലകള്‍ അടച്ചുപൂട്ടാൻ വിജയ് ഉത്തരവിട്ടു. വിജയ്ക്ക് നിർണായകമായ വിശ്വാസവോട്ടെടുപ്പ് നാളെ നടക്കും


