‘കൊക്കെയ്ൻ ക്വീൻ’ ഒടുവിൽ പിടിയിൽ : കുടുങ്ങിയത് ദീർഘകാലമായി അന്വേഷണ ഏജൻസികളെ വെട്ടിച്ച്‌ ഒളിവില്‍ കഴിഞ്ഞിരുന്ന 31-കാരി

ഇസ്ലാമാബാദ്: പാകിസ്താനിലെ ‘കൊക്കെയ്ൻ ക്വീൻ’ എന്നറിയപ്പെടുന്ന അൻമോള്‍ അഥവാ പിങ്കിയെ കറാച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ദീർഘകാലമായി അന്വേഷണ ഏജൻസികളെ വെട്ടിച്ച്‌ ഒളിവില്‍ കഴിഞ്ഞിരുന്ന 31-കാരിയായ യുവതിയില്‍ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. പാകിസ്താനിലെ വൻ മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യകണ്ണിയാണ് പിങ്കി.

Advertisements

‘ക്വീൻ മാഡം പിങ്കി’ എന്ന പേരില്‍ സ്വന്തം ബ്രാൻഡിലൂടെ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന പിങ്കി, ലാഹോർ, ഇസ്ലാമാബാദ്, കറാച്ചി, മുള്‍ട്ടാൻ എന്നിവിടങ്ങളിലായി വ്യാപിച്ചിരുന്ന മയക്കുമരുന്ന് മാഫിയയുടെ നിയന്ത്രകയായിരുന്നുെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മയക്കുമരുന്ന് നിർമാണത്തിനായി സഞ്ചരിക്കുന്ന മൊബൈല്‍ യൂണിറ്റുകളും ഇവർ ഉപയോഗിച്ചിരുന്നതായി സൂചനയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൊവ്വാഴ്ച കറാച്ചിയില്‍ നടത്തിയ പ്രത്യേക റെയ്ഡിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. 2018-ല്‍ ആദ്യമായി അറസ്റ്റിലായ പിങ്കി പിന്നീട് സ്വാധീനം ഉപയോഗിച്ച്‌ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. അതിന് ശേഷവും നിരവധി മയക്കുമരുന്ന് കേസുകളില്‍ ഇവർ പ്രതിയായി ഉള്‍പ്പെട്ടെങ്കിലും പോലീസിന് പിടികൂടാനായിരുന്നില്ല.

കൗമാരപ്രായത്തില്‍ തന്നെ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധം സ്ഥാപിച്ച പിങ്കി പിന്നീട് രാജ്യത്തെ ഏറ്റവും കുപ്രസിദ്ധയായ വനിതാ മയക്കുമരുന്ന് വ്യാപാരികളില്‍ ഒരാളായി മാറുകയായിരുന്നു. തിരിച്ചറിയല്‍ ഒഴിവാക്കാൻ ആസിഡ് ഉപയോഗിച്ച്‌ വിരലടയാളങ്ങള്‍ വരെ നശിപ്പിച്ചിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതിക്ക് ലഭിച്ച പ്രത്യേക പരിഗണനയും വിവാദമായി. കൈവിലങ്ങുകളില്ലാതെ ടീഷർട്ടും മാസ്‌കും കൂളിങ് ഗ്ലാസും ധരിച്ച്‌ കോടതിയിലെത്തിയ പിങ്കിക്ക് പോലീസ് ഉദ്യോഗസ്ഥർ വഴികാട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിമർശനം ഉയർന്നത്. സംഭവത്തില്‍ കറാച്ചി പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Hot Topics

Related Articles