കടുത്തുരുത്തിയിൽ ചരിത്രം കുറിച്ച് ‘AI-IKAM’ (AI- ഐക്യം) പദ്ധതിക്ക് തുടക്കമായി

കടുത്തുരുത്തി: ആധുനിക സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ സാധാരണക്കാരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഇമ്മാനുവൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന വിപ്ലവകരമായ എഐ സാക്ഷരതാ പദ്ധതി ‘AI-IKAM’ (AI- ഐക്യം) പ്രൗഢഗംഭീരമായ ചടങ്ങിൽ തുടക്കമായി. കേരള ജലവിഭവ- ഭവന നിർമാണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം കടുത്തുരുത്തി മണ്ഡലത്തിൽ സംഘടിപ്പിച്ച ആദ്യ പൊതുപരിപാടിയിൽ അഡ്വ: മോൻസ് ജോസഫ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എംപി മുഖ്യസാന്നിധ്യമായിരുന്നു.

Advertisements

“വിരൽത്തുമ്പിൽ ഇനി വിശ്വം നേടാം” എന്ന ശക്തമായ ടാഗ്‌ലൈനോടെ ഇമ്മാനുവൽ ഫൗണ്ടേഷൻ വിഭാവനം ചെയ്ത ‘AI-IKAM’ (Ai- ഐക്യം) (Artificial Intelligence in Kaduthuruthy Advancement Mission) പദ്ധതിയിലൂടെ കടുത്തുരുത്തിയെ ഇന്ത്യയിലെ തന്നെ ആദ്യത്തെ ‘സമ്പൂർണ്ണ എഐ സാക്ഷരതാ മണ്ഡലം’ ആയി മാറ്റിയെടുക്കാനാണ് ലക്ഷ്യമിടുന്നത്. അന്തരിച്ച തന്റെ പ്രിയപുത്രൻ ഇമ്മാനുവലിന്റെ ഓർമ്മയ്ക്കായി രൂപീകരിച്ച ഇമ്മാനുവൽ ഫൗണ്ടേഷനും അതിന്റെ മാനേജിംഗ് ട്രസ്റ്റി ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിയുമാണ് ഈ വലിയ ദൗത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് വരെ സാങ്കേതികവിദ്യ എത്തിക്കാനുള്ള ഫൗണ്ടേഷന്റെയും ഡോ. ജോസഫ് സണ്ണിയുടെയും ദീർഘവീക്ഷണത്തെ ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രിയും എം പിയും പ്രത്യേകം അഭിനന്ദിച്ചു. മാറുന്ന ഡിജിറ്റൽ ലോകത്ത് കൃത്രിമബുദ്ധി (AI) സാധാരണക്കാരുടെ നിത്യജീവിത ഉപാധിയായി മാറേണ്ടതിന്റെ ആവശ്യകത ചടങ്ങിൽ സംസാരിച്ച പ്രമുഖർ ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തന്നെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച കടുത്തുരുത്തിയിലെ വോട്ടർമാർക്കും ജനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിയ മന്ത്രി മോൻസ് ജോസഫ്, വി. ഡി. സതീശൻ മന്ത്രിസഭയിൽ അംഗമാകാൻ കഴിഞ്ഞത് ദൈവാനുഗ്രഹമായി കരുതുന്നുവെന്ന് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിജയത്തിനായി താഴേത്തട്ടിൽ കഠിനാധ്വാനം ചെയ്ത യു.ഡി.എഫിന്റെ പ്രാദേശിക ജനപ്രതിനിധികളെയും പ്രവർത്തകരെയും അദ്ദേഹം നന്ദിയോടെ സ്മരിച്ചു. കഴിഞ്ഞ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിസ്സഹകരണ മനോഭാവത്തെ മന്ത്രി ശക്തമായ ഭാഷയിൽ വിമർശിച്ചു. കഴിഞ്ഞ ഭരണകൂടം കാണിച്ച ഈ നിസ്സഹകരണം മൂലമാണ് കടുത്തുരുത്തിക്ക് അനുവദിക്കപ്പെട്ട കേന്ദ്രീയ വിദ്യാലയത്തിനായുള്ള ഭൂമി കണ്ടെത്താനും പദ്ധതി യാഥാർത്ഥ്യമാക്കാനും സാധിക്കാതെ പോയതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ ഇനി അത്തരം തടസ്സങ്ങൾ ഉണ്ടാകാൻ അനുവദിക്കില്ലെന്നും, കടുത്തുരുത്തിയിലെ വികസന മുരടിപ്പ് മാറ്റാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചേർന്ന് പൂർണ്ണ സഹകരണത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകളിൽ ജനങ്ങളെ സേവിക്കാൻ മടിയും വിമുഖതയും കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കുമെന്ന ശക്തമായ മുന്നറിയിപ്പും മന്ത്രി നൽകി.

ജലവിഭവ വകുപ്പിന്റെ ചുമതലയുള്ളതിനാൽ തന്നെ, മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങളും ഗതാഗത സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികളും ചുരുങ്ങിയ കാലയളവിനുള്ളിൽ പരിഹരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിനോടകം തന്നെ കടുത്തുരുത്തിയിലെ റോഡ് ഗതാഗത നവീകരണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചതായും കുടിവെള്ള ക്ഷാമം പൂർണ്ണമായി പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. മണ്ഡലത്തിലെ പ്രധാന സ്വപ്ന പദ്ധതിയായ കടുത്തുരുത്തി ബൈപ്പാസുമായി ബന്ധപ്പെട്ട വികസന കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെച്ചു. കേവലം റോഡ് നിർമ്മാണം മാത്രമല്ല, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആധുനിക രീതിയിലുള്ള കാൽനടപ്പാതകളും (ഫുട്പാത്ത്), കൃത്യമായ റോഡ് സംരക്ഷണ സംവിധാനങ്ങളും ബൈപ്പാസ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ ജീവിതനിലവാരവും വിദ്യാഭ്യാസ-തൊഴിൽ സാധ്യതകളും ഉയർത്താൻ പോകുന്ന ഈ പദ്ധതികൾ കടുത്തുരുത്തിയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. ചടങ്ങിൽ ഇമ്മാനുവൽ ഫൗണ്ടേഷൻ പ്രതിനിധികളും, സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും, ജനപ്രതിനിധികളും പങ്കെടുത്തു.

Hot Topics

Related Articles