രാജ്യതലസ്ഥാനത്തെ വീണ്ടും നടുക്കി തുഗ്ലക്കാബാദില്‍ ഉണ്ടായ വൻ തീപിടുത്തം: മൂന്ന് മരണം

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ വീണ്ടും നടുക്കി തുഗ്ലക്കാബാദില്‍ ഉണ്ടായ വൻ തീപിടുത്തം. സംഭവത്തില്‍ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി.ഇന്ന് പുലർച്ചെയോടെയാണ് ദുരന്തമുണ്ടായത്. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ നിരവധി പേരെ കെട്ടിടത്തില്‍ നിന്നും രക്ഷപെടുത്തി. സൗത്ത് ഈസ്റ്റ് ദില്ലിയിലെ തുഗ്ലക്കാബാദ് എക്സ്റ്റൻഷനില്‍ മധ്യം മാർഗ്ഗിലെ ‘നയാ താര’ അപ്പാർട്ട്മെന്റിന് സമീപമുള്ള ഗലി നമ്പർ ഒന്നിലെ ഒരു ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഗ്രൗണ്ട് ഫ്ലോറും മുകളിലേക്ക് അഞ്ച് നിലകളുമുള്ള കെട്ടിടമാണിത്. ഓഖ്ല ഫയർ സ്റ്റേഷന്റെ പരിധിയിലാണ് ഈ പ്രദേശം വരുന്നത്. പുലർച്ചെ ഏകദേശം 2.30 നാണ് തീപിടുത്തമുണ്ടായതായി ഫയർ ഫോഴ്സിന് സന്ദേശം ലഭിക്കുന്നത്.

Advertisements

പ്രാഥമിക നിഗമനങ്ങള്‍ പ്രകാരം കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിംഗ് ഏരിയയില്‍ നിർത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്നാണ് തീ പടർന്നത്. പാർക്ക് ചെയ്തിരുന്ന മൂന്ന് സ്കൂട്ടറുകള്‍, രണ്ട് മോട്ടോർ സൈക്കിളുകള്‍, ഒരു സൈക്കിള്‍ എന്നിവ പൂർണ്ണമായി കത്തിയമർന്നു. വാഹനങ്ങള്‍ കത്തിയതിനെ തുടർന്നുണ്ടായ കനത്ത വിഷപ്പുക കെട്ടിടത്തിന്റെ ഗോവണികളിലൂടെയും മുകളിലത്തെ നിലകളിലേക്കും അതിവേഗം വ്യാപിച്ചു. ഇതോടെ ഉറങ്ങിക്കിടന്ന താമസക്കാർ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

Hot Topics

Related Articles