കോട്ടയം : ആർഎസ്എസിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് സർ സംഘ ചാലക് മോഹൻ ഭഗവത് പങ്കെടുത്ത പരിപാടിയിൽ സർക്കാർ വാഹനത്തിൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ മോഹനൻ കുന്നുമ്മലും എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ മാവൂത്തും, മലയാളം സർവകലാശാല വൈസ് ചാൻസിലർ സി ആർ പ്രസാദും എത്തിച്ചേർന്നത് മതനിരപേക്ഷ കേരളത്തിന് അപമാനകരമാണ്. ഇത്തരമൊരു പരിതസ്ഥിതിയിലേക്ക് കേരളത്തെ എത്തിച്ചത് താൽക്കാലിക രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി സംഘപരിവാറുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയ യുഡിഎഫ് സർക്കാരാണ്. അജ്ഞതയുടെ അന്ധകാരമകറ്റാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളെങ്കിൽ അതിന്റെ മേധാവികൾ മതാന്ധതയുടെയും വെറുപ്പിന്റെയും പ്രതിരൂപമായ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് മതേതര കേരളം ഗൗരവമായി കാണണം. കേരള നിയമസഭയിലേക്കുള്ള ബിജെപി വിജയത്തെ നിസ്സാരവൽക്കരിച്ച് അവരും പോന്നോട്ടെ എന്നുപറഞ്ഞ് വി ഡി സതീശൻ സർക്കാർ വിസിമാരുടെ നിയമനത്തിലും സെനറ്റ് അംഗങ്ങളുടെ നാമനിർദ്ദേശത്തിലും മൗനംപാലിച്ചും നിശബ്ദമായി സഹകരിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരണത്തിന് വിട്ടുകൊടുത്തത് ഏത് അടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കണം. ഇന്നലെകളിൽ രാജ്യത്തിന്റെ പാർലമെന്റിലേക്ക് ബിജെപിക്ക് നിശബ്ദമായി പരവതാനി വിരിച്ചവർ ഇന്ന് കേരളത്തെയും ഒറ്റിക്കൊടുക്കുകയാണ്. ഈ കൊടും ചതി കേരളം പൊറുക്കില്ല. മതനിരപേക്ഷ സമൂഹം ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകൾക്കെതിരെ ശക്തമായി രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുത്ത സംഭവം; രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെ പരിണതഫലം:അംജദ് കണിയാപുരം

Previous article
Next article

