ന്യൂജേഴ്‌സി: ഒറ്റയ്ക്ക് ഒരു ടീമിനെ മുന്നോട്ട് നയിക്കുക.. അതും അത്രത്തോളം ആധികാരികമായി തന്നെ. രണ്ടാം മത്സരത്തിലും ഡബിളിലൂടെ ടീമിനെ മുന്നിലേയ്ക്ക് നയിച്ച് ഇതിഹാസ തുല്യമായ പോരാട്ടം നടത്തി എർലിംങ് ഹാളണ്ട്. സെനഗളിന് എതിരായ മത്സരത്തിൽ നേടിയ ഡബിളിലൂടെ നോർവേയ്ക്കായി ഹാളണ്ട് തുടരുന്നത് സ്വപ്‌ന തുല്യമായ പ്രകടനമാണ്. ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് നോർവേ സെനഗളിനെ വീഴ്ത്തിയത്.
43 ആം മിനിറ്റ് വരെ ഗോൾ ഒഴിഞ്ഞു നിന്ന മത്സരത്തിൽ രണ്ട് ടീമുകളും ഇഞ്ചോടിഞ്ചായ പോരാട്ടമാണ് നടത്തിയത്. 43 ആം മിനിറ്റിൽ മാർക്കസ് ഹോളാമാനാണ് നോർവേയ്ക്കായി ഗോൾ നേടി ലീഡ് എടുത്തത്. എന്നാൽ, 53 ആം മിനിറ്റിൽ ഇസമ്മല്ല സാർ സെനഗളിനായി ഗോൾ മടക്കി. രണ്ടാം പകുതിയിൽ ഹാളണ്ട് നേടിയ രണ്ട് ഗോളുകളാണ് നോർവേയ്ക്ക് നിർണ്ണായകമായ വിജയവും മൂന്ന് പോയിന്റും സമ്മാനിച്ചത്. 48 ആം മിനിറ്റിലും, 58 ആം മിനിറ്റിലും ഹാളണ്ട് നേടിയ ആ രണ്ട് ഗോളുകൾ ടീമിനെ വിജയത്തിലേയ്ക്ക് നയിച്ചു. കളി അവസാനിക്കാനുള്ള ഇൻജ്വറി ടൈമിന്റെ മൂന്നാം മിനിറ്റിലാണ് ലീഡ് കുറയ്ക്കാനുള്ള സെനഗൾ ഗോൾ വീണത്. ഇസമ്മ സാർ തന്നെയായിരുന്നു ഗോൾ സ്‌കോറരർ. ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് തോറ്റതോടെ ടൂർണമെന്റിലെ സെനഗളിന്റെ നില പരിങ്ങലിലായി. നോർവേയോട് തോറ്റ ഇറാഖും ഏതാണ്ട് പുറത്തായ നിലയായി. അടുത്ത മത്സരത്തിൽ ഫ്രാൻസും നോർവേയും തമ്മിലുള്ള മത്സരഫലം ഗ്രൂപ്പ് ചാമ്പ്യന്മാരെ നിശ്ചയിക്കും.


