ഡള്ളാസ്: ക്യാപ്റ്റൻ ലയണൽ മെസി അടക്കം ഒൻപത് താരങ്ങളെ കരയ്ക്കിരുത്തി കളത്തിലിറങ്ങിയിട്ടും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മിന്നും ജയം നേടി ലോകചാമ്പ്യന്മാരായ അർജന്റീന. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് അർജന്റീന ജയിച്ചതോടെ മൂന്ന് കളികളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അർജന്റീനയുടെ കുതിപ്പ്. തുടർച്ചയായ ഏഴാം ലോകകപ്പ് മത്സരത്തിലും ഗോൾ നേടിയ സാക്ഷാൽ ലയണൽ മെസിയുടെ ഫോമാണ് അർജന്റീനയ്ക്ക് ഉജ്വലവിജയം സമ്മാനിച്ചത്.
മെസിയെ അടക്കം ഒൻപത് താരങ്ങളെ പുറത്തിറക്കിയാണ് കോച്ച് ലയണൽ സ്‌കലോണി ടീമിനെ ജോർദാന് എതിരെ രംഗത്ത് ഇറക്കിയത്. ആദ്യം തന്നെ അർജന്റീന ഗോൾ നേടിയെങ്കിലും ഓഫ് സൈഡ് ഫ്‌ളാഗ് ഉയർന്നു. എന്നാൽ, 19 ആം മിനിറ്റിൽ പ്രതിരോധക്കോട്ടയുടെ കെട്ട് പൊട്ടിച്ച് ലെ സെൽസോ അർജന്റീനയ്ക്കായി ഗോൾ നേടി. കിടിലൻ ഫ്രീക്കിക്ക് ജോർദാൻ ഗോളിയെ കബളിപ്പിച്ച് വലയിൽ കയറുകയായിരുന്നു. 31 ആം മിനിറ്റിൽ ബോക്‌സിനുള്ളിൽ നടന്ന കൂട്ടപ്പൊരിച്ചിലിൽ നിന്നും ലഭിച്ച പെനാലിറ്റി ഗോളാക്കി മാറ്റി ലൗട്ടാരോ മാർട്ടിനസ് അർജന്റീനയുടെ ലീഡ് രണ്ടാക്കി ഉയർത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
60 ആം മിനിറ്റിൽ മാർട്ടിനസിനെ തിരികെ വിളിച്ച് പകരം മെസിയെ കളത്തിൽ ഇറക്കി. 80 ആം മിനിറ്റിൽ നേടിയ കിടിലൻ ഫ്രീക്കിക്ക് ഗോളിലൂടെ മെസി കളി പൂർണ്ണമായും അർജന്റീനയ്ക്ക് അനുകൂലമാക്കി. ഇതോടെ തുടർച്ചയായ ഏഴു ലോകകപ്പ് മത്സരങ്ങളിലാണ് മെസി അർജന്റീനയ്ക്കായി ഗോൾ നേടുന്നത്. ഈ ലോകകപ്പിൽ ആദ്യ മത്സരത്തിൽ ഹാട്രിക് നേടിയ മെസിയുടെ ഗോൾ നേട്ടം ഇതോടെ ഏഴായി ഉയർന്നു.


