കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് അരുൺ ഗോപന്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. അരുൺ ഗോപന്റെ കുടമാളൂർ അമ്പാടിക്കവലയിലെ ഭാര്യ വീടിന് നേരെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. ഇന്നു പുലർച്ചെ നാലുമണിയോടെ മുഖംമൂടി ധരിച്ച സംഘം എത്തിയാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. പൊട്ടിത്തെറിയും വൻ ശബ്ദവും കേട്ട് വീട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. ഉടൻ തന്നെ കോട്ടയം വെസ്റ്റ് പൊലീസ് സംഘവും, കൺട്രോൾ റൂം പൊലീസ് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. എന്നാൽ, അക്രമി സംഘം സ്ഥലത്ത് നിന്നും അതിവേഗം രക്ഷപെടുകയായിരുന്നു. കഴിഞ്ഞ ദിവസം അരുൺ ഗോപനെയും, ആർപ്പൂക്കര സ്വദേശിനിയായ ഡയാനയെയും കൊച്ചി കടവന്തറയിൽ നിന്നും എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഈ സംഭവത്തിൽ അരുൺഗോപനൊപ്പം ഉൾപ്പെട്ട ഡയാനയുടെ ബന്ധുക്കളാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് അരുൺഗോപന്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം; ആക്രമണം നടത്തിയത് കുടയംപടി കേന്ദ്രീകരിച്ചുള്ള സംഘമെന്ന് പൊലീസ്; അന്വേഷണം ആരംഭിച്ച് കോട്ടയം വെസ്റ്റ് പൊലീസ്


