കേരള ലോട്ടറിയുടെ പേരും ചിഹ്നവും ലോഗോയും ഔദ്യോഗിക വെബ്സൈറ്റിനോടുസാമ്യമുള്ള രൂപകൽപ്പനയും ദുരുപയോഗം ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകി. “മെഗാ ബമ്പർ ധമാക്കാ ഓഫർ “, “25 കോടി സമ്മാനം”, “കേരള ഭാഗ്യക്കുറി ഓൺലൈൻ ബുക്കിംഗ്” തുടങ്ങിയ പ്രലോഭനകരമായ പരസ്യ വാചകങ്ങൾ നൽകിയാണ് പൊതുജനങ്ങളെ ആകർഷിക്കുന്നത്. പരസ്യത്തിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കോ സർക്കാർ ചിഹ്നവും ലോഗോയും ഉപയോഗിച്ചുണ്ടാക്കിയ കേരള സംസ്ഥാന ലോട്ടറിയുടെ പേരിലുള്ള വ്യാജ വെബ്സൈറ്റുകളിലേക്കോ എത്തിക്കുന്നു. തുടർന്ന് വിജയസാധ്യതയുള്ളതായി അവകാശപ്പെടുന്ന ചില ലോട്ടറി നമ്പറുകൾ പ്രസിദ്ധീകരിച്ച് വിശ്വാസം നേടി എടുക്കുന്നു. പിന്നീട് “റിസൾട്ട് പരിശോധിക്കുക” എന്ന പേരിൽ മൊബൈൽ നമ്പർ നൽകാൻ ആവശ്യപ്പെടുകയും നമ്പർ നൽകി കഴിയുമ്പോൾ ഉപയോക്താവിനു സമ്മാനം ലഭിച്ചതായി കാണിച്ച് അഭിനന്ദന സന്ദേശം അയയ്ക്കുകയും ചെയ്യുന്നു.
തുടർന്ന് സമ്മാനത്തുക ലഭിക്കുന്നതിനായി പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐഫ്എസ് സി കോഡ്, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്നു. സർക്കാർ ലെറ്റർഹെഡും ചിഹ്നവും ഉപയോഗിച്ച് തയ്യാറാക്കിയ വ്യജ ലോട്ടറി രജിസ്ട്രേഷൻ ലെറ്റർ കാണിച്ച് “രജിസ്ട്രേഷൻ ഫീ “, “പ്രോസസ്സിംഗ് ഫീ “, “ജി എസ് ടി “, “ടാക്സ് ക്ലിയറൻസ് “, “സെക്യൂരിറ്റി ഡെപ്പോസിറ്റ് ” തുടങ്ങിയ പേരുകളിൽ പണം ആവശ്യപ്പെടുകയും ചെയ്യുന്നു. പണം അയച്ചിട്ടും സമ്മാനത്തുക നൽകാതെ കൂടുതൽ തുക ആവശ്യപ്പെടുന്നവരുമുണ്ട്.


