ആലപ്പുഴ: ആലപ്പുഴ ബീച്ച് കാർണിവലിന്റെ മറവിൽ യു.ഡി.എഫ് ഭരണസമിതി നടത്തിയത് വൻഅഴിമതിയെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. ഇത് പുറത്തുവരാതിരിക്കാനാണ് നഗരസഭ കൗൺസിൽയോഗത്തിൽ വിഷയം ചർച്ചചെയ്യാതെ ഭരണസമിതി ഒളിച്ചുകളി നടത്തുന്നത്. ബീച്ച് കാർണിവലിന് നഗരസഭാധ്യക്ഷ മൂൻകൂർ നൽകിയ അനുവാദം സാധൂകരിക്കാനാണ് അജണ്ടകൾ ചർച്ചപോലുമില്ലാതെ പാസാക്കിയത്. നഗരസഭ നൽകിയ ടിക്കറ്റിൽ തീയതിയും സീലും സീരിയൽ നമ്പരും തെളിഞ്ഞിരുന്നില്ല. ഇത്തരം വ്യാജടിക്കറ്റുകൾ വിതരണം നടത്തിയതിന് കൂട്ടുനിന്നത് ഭരണകക്ഷിയിലെ ചില കൗൺസിലർമാരാണ്. നികുതിവെട്ടിപ്പും ഗുരുതര പാരിസ്ഥിതിക മലിനീകരണവും നടത്തിയതായി നേരിട്ട് ബോധ്യപ്പെട്ടിട്ടും ആരോപണവിധേയായ കമ്പനിക്ക് കൗൺസിൽയോഗത്തിൽ ചർച്ച നടത്താതെയാണ് മുൻകൂർ അനുമതി നൽകിയത്. ഇതിനൊപ്പം കാർണിവൽ നീട്ടികൊടുത്തതോടെ നികുതി ഇനത്തിൽ മാത്രം കിട്ടേണ്ട വൻതുകയുടെ വെട്ടിപ്പാണ് നടത്തിയത്. കളക്ഷൻ ഇനത്തിൽ 20കോടിയോളം രൂപയാണ് കിട്ടിയത്. 10ശതമാനം നികുതി കണക്കാക്കിയാൽ രണ്ടുകോടി രൂപയാണ് കിട്ടേണ്ടത്. നിലവിൽ 12ലക്ഷം രൂപയാണ് നഗരസഭക്ക് കിട്ടിയത്. വെള്ളച്ചാട്ടത്തിനായി ഉപയോഗിച്ചത് ശുദ്ധജലമായിരുന്നില്ല. കോളിഫാം ബാക്ടീരയുടെ അളവ് അപകടകരമാംവിധം കൂടുതലായിരുന്നു. ഇതേത്തുടർന്ന് കുട്ടികളടക്കം നൂറിലേറെ പേർക്ക് ത്വക്ക് രോഗങ്ങളടക്കങ്ങളടക്കം ബാധിച്ചു. ഇതിനെതിരെ രേഖാമൂലം പരാതി നൽകിയിട്ടും കാർണിവലുമായി ബന്ധപ്പെട്ട സാധനസാമഗ്രികൾ നീക്കാനും പിടിച്ചെടുക്കാനും നടപടിയെടുത്തില്ല.
പ്രതിപക്ഷാംഗങ്ങൾ ബോധപൂർവം കൗൺസിൽയോഗം തടസ്സപ്പെടുത്തുന്നുവെന്ന നുണപ്രചാരണമാണ് നഗരസഭാധ്യക്ഷ നടത്തുന്നത്. ജൂൺ 27ന് നടന്ന കൗൺസിൽയോഗത്തിൽ അംഗങ്ങളുടെ വിയോജനകുറിപ്പ് രേഖപ്പെടുത്തിയതോടെ നഗരസഭ സെക്രട്ടറി ഇടപെട്ട് മാറ്റിവെച്ചതും പാസാക്കിയതുമായ അജണ്ടകൾ വീണ്ടും ചർച്ച നടത്തണമെന്ന ആവശ്യമാണ് ഇടതുപക്ഷം ഉന്നയിച്ചത്. വസ്തുതകൾ കൗൺസിൽയോഗത്തിൽ ചർച്ച നടത്തി ആർജവമായ തീരുമാനം കൈകൊള്ളണം. നഗരത്തിലെ മാലിന്യപ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണാൻ പ്രത്യേക കൗൺസിൽയോഗം വിളിക്കണം. എയ്റോബിക് യൂനിറ്റുകളിലടക്കം മാലിന്യംശേഖരിക്കാതെ ജനങ്ങളെ വെല്ലുവിളിക്കുന്ന നഗരസഭയിലെ മാലിന്യപ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ സമരം നഗരസഭയുടെ പുറത്തേക്ക് ശക്തമാക്കും. നഗരം ശുചീകരിക്കുന്നതിന് ആൾക്ഷാമം പരിഹരിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അഭിമുഖം നടത്തി തെരഞ്ഞെടുത്ത തൊഴിലാളികളെ നിയമിക്കണം. വാർത്തസമ്മേളനത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് വി.ജി. വിഷ്ണു, മുൻ നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, കൗൺസിലർമാരായ ബിന്ദു തോമസ് കളരിക്കൽ, എസ്. ഫൈസൽ എന്നിവർ പങ്കെടുത്തു.
ആലപ്പുഴ ബീച്ച് കാർണവലിന്റെ മറവിൽ യു.ഡി.എഫ് ഭരണസമിതി നടത്തിയത് വൻഅഴിമതിയെന്ന് എൽ.ഡി.എഫ്

Advertisements

