ഗൗരിയമ്മയുടെ ജന്മദിനാഘോഷം;  ആലപ്പുഴയിൽ ജെ.എസ്​.എസ്​ വിഭാഗങ്ങൾ ചേരിതിരിഞ്ഞ്​ തർക്കം; ഫ്ലക്സ്​ വലിച്ചുകീറി

ആലപ്പുഴ: കെ.ആർ. ഗൗരിഅമ്മയുടെ ചാത്തനാട്ടെ വസതിക്ക് മുന്നിൽ ഫ്ലക്സ്​ സ്ഥാപിച്ച വിഷയത്തിൽ ജെ.എസ്.എസ് വിഭാഗങ്ങൾ തമ്മിൽ തർക്കം. ഫ്ലക്സ്​ വലിച്ചുകീറി. യു.ഡി.എഫിനൊപ്പമുള്ള രാജൻ ബാബു വിഭാഗം വീടിനുമുന്നിൽ സ്ഥാപിച്ച ബാനറാണ്​ മറുവിഭാഗം നശിപ്പിച്ചത്​. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൈയാങ്കളിയുടെ വക്കോള​മെത്തി.  ഗൗരി അമ്മയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡുകൾ തർക്കത്തിനിടെ വലിച്ചുകീറി നശിപ്പിച്ചു. ജെ.എസ്.എസ് ബീനാ കുമാരി വിഭാഗത്തിലെ ആളുകളാണ് ബാനർ നശിപ്പിച്ചത്. ഗൗരിയമ്മയുടെ ബന്ധുവായ ബീനാ കുമാരിയുടെ നേതൃത്വത്തിലുള്ള വിഭാഗം ചാത്തനാട്ടെ വസതിയിലും രാജൻബാബുവിഭാഗം ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിലുമാണ് അനുസ്മരണ സമ്മേളനം നടത്തിയത്. 

Advertisements

ജനാധിപത്യ സംരക്ഷണ സമിതിയുടെയും കെ.ആർ ഗൗരിയമ്മ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ ചാത്തനാട്ടെ വസതിയിൽ നടത്തിയ സമ്മേളനം ജെ.എസ്​.എസ്​ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി.സി. ബീനാകുമാരി ഉദ്​ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ .പവിത്രൻ  അധ്യക്ഷതവഹിച്ചു. സംഗീത് ചക്രപാണി അനുസ്മരണ പ്രഭാഷണം നടത്തി. വേണുഗോപാൽ, സിനി ബിജോയ്, സുമ സ്കന്ദൻ, അഡ്വ. വിജയൻ പോത്തൻകോഡ്, അഡ്വ. അജിത്കുമാർ, സുരേഷ് ബാബു, കടവൂർ ചന്ദ്രൻ, ജമീലാ ബഷീർ, ബേബി ദേവരാജൻ, തങ്കമണി, സരസ്വതി മേനോൻ, ശിവാനന്ദൻ,അശോകൻ, ജഗദീശൻ എന്നിവർ സംസാരിച്ചു. കാൻസർ രോഗികൾക്കുള്ള ചികിത്സസഹായവും നിർധനകുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റുകളുംവിതരണം ചെയ്തു. 

Hot Topics

Related Articles