ട്രാൻസ്പോർട്ട് ബസിൻ്റെ ഹെഡ് ലൈറ്റ് തകർന്നിട്ട് 15 ദിവസം ; നിറയെ യാത്രക്കാരുമായി ബസ് സർവീസ് നടത്തിയത് ടോർച്ചിൻ്റെ വെളിച്ചത്തിൽ ; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ 

ബംഗളൂരു: ഹെഡ് ലൈറ്റ് തകരാറിലായതിനെ തുടർന്ന് രാത്രിയില്‍ മൊബൈല്‍ ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തില്‍ ബസ് ഓടിച്ച സംഭവത്തില്‍ ഡ്രൈവർ അടക്കം മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ.കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ.കെ.ആർ.ടി.സി.) ബസാണ് യാത്രക്കാരുമായി കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ അപകടരമായ രീതിയില്‍ ഓടിച്ചത്. സംഭവത്തില്‍ ഈ ബസിന്റെ ഡ്രൈവർ ആകാശ്, ഡിപ്പോയിലെ സാങ്കേതിക വിഭാഗം സൂപ്പർ വൈസറായ ബസവരാജ്, ജീവനക്കാരൻ ശിവാനന്ദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ 15 ദിവസമായി ബസിന്റെ ഹെഡ്ലൈറ്റ് പൊട്ടിയ നിലയിലായിരുന്നുവെന്നാണ് വിവരം.

Advertisements

ലൈറ്റ് പൊട്ടി രണ്ട് ആഴ്ചയോളം കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാതെ സർവീസ് തുടരുകയായിരുന്നുവെന്ന് വകുപ്പുതല അന്വേഷണത്തില്‍ വ്യക്തമായതിനെ തുടർന്നാണ് മൂവരെയും സസ്‌പെൻഡ് ചെയ്തത്. കലബുറഗി-ചിൻചോലി റൂട്ടില്‍ സർവീസ് നടത്തുന്ന ബസിന്റെ ഹെഡ്ലൈറ്റ് തകരാറിലായതിനെ തുടർന്ന് കണ്ടക്ടർ മൊബൈല്‍ ഫോണിലെ ടോർച്ച്‌ തെളിച്ചു മുൻവശത്തെ ചില്ലിലൂടെ പുറത്തേക്ക് കാട്ടുകയും ഈ വെളിച്ചത്തില്‍ ബസ് യാത്ര തുടരുകയുമായിരുന്നു. ഇരുട്ടിലൂടെ മൊബൈല്‍ വെളിച്ചത്തില്‍ ബസ് മുന്നോട്ട് പോകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയില്‍ സർവീസ് നടത്തിയതിനാണ് അധികൃതർ നടപടി സ്വീകരിച്ചത്.

Hot Topics

Related Articles