ചങ്ങനാശേരി: ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിലും വികസന സമിതികളിലും പട്ടികജാതിക്കാരെ ഉൾപ്പെടുത്തണമെന്ന് അഖിലകേരള ചേരമർ ഹിന്ദുമഹാസഭ ചങ്ങനാശേരി യൂണിയൻ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. പട്ടികജാതി പട്ടികവർഗ്ഗ സമുദായാംഗങ്ങളെ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രി വികസന സമിതികളിൽ പട്ടികജാതിക്കാരെ കാലാകാലങ്ങളായി ഉൾപ്പെടുത്താറില്ല. ഇത് സമൂഹനീതിയുടെ നിഷേധമാണ്. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളുടെ വികസന സമിതികളിൽ പട്ടികജാതി സമുദായംഗങ്ങളെ ഉൾപ്പെടുത്തണമെന്നും, മറ്റ് ജില്ലാ-താലൂക്ക് വികസന സമിതികളിലും പട്ടികജാതി പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
മഹാസഭ പ്രസിഡന്റ് അഡ്വ.വി.ആർ രാജു യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുരേഷ് പള്ളിയടി അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ശശികുമാർ വാരാപ്പുഴ, രക്ഷാധികാരി സി.ഡി മോഹനൻ, ദിലീപ് ആപ്പിശ്ശേരി, കുട്ടപ്പൻ വെള്ളാവൂർ, കരുണാകരൻ ചെമ്പുംപുറം, കുട്ടപ്പൻ മുക്കാഞ്ഞിരം എന്നിവർ സംസാരിച്ചു.


