മലങ്കരസഭാതർക്കം പരിഹരിക്കുക എന്നത് തന്റെ സ്വപ്നമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി.സതീശന്റെ നിലപാടിനെ സ്വാ​ഗതം ചെയ്ത് ഓർത്തഡോക്സ് സഭ 

കോട്ടയം : 2017-ലെ സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് ശേഷവും തുടരുന്ന മലങ്കരസഭാതർക്കം പരിഹരിക്കുക എന്നത് തന്റെ സ്വപ്നമാണെന്ന മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശന്റെ നിലപാടിനെ സ്വാ​ഗതം ചെയ്യുന്നു. മലങ്കരസഭയുടെ ചിരകാല സ്വപ്നത്തെ അങ്ങും ചിറകിലേറ്റുന്നു എന്നത് പ്രത്യാശാനിർഭരമാണ്. വ്യവഹാരരഹിത സഭ എന്ന മുദ്രാവാക്യമാണ് എക്കാലവും മലങ്കരസഭ മുന്നോട്ട് വെച്ചിട്ടുള്ളത്. മുൻസർക്കാരുകളും ക്രിയാത്മകമായി ഈ വിഷയത്തിൽ ഇടപെടാൻ ശ്രമിച്ചിരുന്നു. എന്നാൽ രാജ്യത്തിന്റെ പരമോന്നത കോടതി വിധികളെയും സഭാ ഭരണഘടനയെയും അം​ഗീകരിക്കാൻ തയാറാകാതെ ഒരു വിഭാ​ഗം മാറി നിന്നതാണ് സമാധാനത്തിന് ഇടങ്കോലിട്ടത്.  ഭാരതത്തിന്റെ നിയമത്തിന് വിധേയരാകാൻ തയാറാകാതെ ചിലർ പിൻമാറിയതാണ് മുൻസർക്കാരുകളെ പ്രതിസന്ധിയിലാക്കിയത്. നിയമവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എന്ന നിലയിൽ കോടതി വിധികളുടെ അന്തസത്ത ഉൾക്കൊണ്ടുള്ള ഒരു പ്രശ്നപരിഹാരത്തിന് അങ്ങയ്ക്ക് സാധിക്കുമെന്ന് മലങ്കരസഭ വിശ്വസിക്കുന്നു. സഭാതർക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാകുക എന്നത് ഏവരുടെയും സ്വപ്നമാണ്. അങ്ങയ്ക്ക് ആ ദൗത്യം പക്ഷപാതരഹിതമായി നിർവഹിക്കുവാൻ കഴിയട്ടെ എന്ന് മലങ്കരസഭ ആശംസിക്കുന്നു. ഈ വിഷയത്തിൽ സർക്കാരുമായി യോജിച്ച് പോകുവാൻ സഭ തയാറാണ്. മറുപക്ഷവും അങ്ങയുടെ സ്വപ്നം സഫലമാകുവാൻ സഹകരിക്കുമെന്ന് പ്രത്യാശിക്കുന്നു.

Advertisements

Hot Topics

Related Articles