കോട്ടയം : ദേവലോകം മാർ ബസേലിയസ് പബ്ലിക് സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുള്ള ഉദ്ഘാടന സംരംഭമായ ‘മെഗാ ഹാക്കത്തോൺ – ഇന്നൊവേറ്റേഴ്സ് ലീഗ് 2026’ ഇന്ന് സ്കൂൾ ക്യാമ്പസിൽ നടക്കും. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള 6 മുതൽ 12 വരെ ക്ലാസുകളിലെ 36 ടീമുകൾ ഈ സാങ്കേതിക മികവിന്റെ വേദിയിൽ മാറ്റുരയ്ക്കും. വിദ്യാർത്ഥികളിലെ നവോത്ഥാനചിന്ത, സർഗാത്മകത, പ്രശ്നപരിഹാരശേഷി, സാങ്കേതിക വൈദഗ്ധ്യം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്.
മത്സരത്തിന്റെ ഭാഗമായി ‘റോഡ് സേഫ്റ്റി’ എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾ മുൻകൂട്ടി വികസിപ്പിച്ച പ്രീ-ബിൽറ്റ് ഇന്നൊവേഷൻ പ്രോജക്ടുകളുടെ അവതരണവും, മത്സരവേദിയിൽ തൽസമയം നൽകുന്ന വിഷയത്തെ അടിസ്ഥാനമാക്കി പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യുന്ന ലൈവ് ഹാക്കത്തോൺ മത്സരവും നടക്കും. യഥാർത്ഥ ജീവിതപ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന പരിഹാരങ്ങൾ കണ്ടെത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലാ പൊലീസ് മേധാവി ശ്രീ. സാബു മാത്യു കെ. എം. ഐ.പി.എസ്. ‘മെഗാ ഹാക്കത്തോൺ – ഇന്നൊവേറ്റേഴ്സ് ലീഗ് ഉദ്ഘാടനം ചെയ്യും.
HowNWhy-യുടെ സാങ്കേതിക സഹകരണത്തോടെയാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. മനോരമ ഓൺലൈൻ ആണ് പരിപാടിയുടെ മീഡിയ പാർട്ണർ. രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ നടക്കുന്ന ഈ ഹാക്കത്തോൺ, വിദ്യാർത്ഥികൾക്ക് നവീന ആശയങ്ങൾ അവതരിപ്പിക്കാനും സാങ്കേതിക മികവ് പ്രകടിപ്പിക്കാനും മികച്ച അവസരമൊരുക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. എ.ടി ബോട്സ് നിർമ്മിച്ച എ.ഐ റോബട്സിൻ്റെ സാന്നിധ്യവും കുട്ടികൾക്ക് കൗതുകമാകും. മാർ ബസേലിയസ് പബ്ലിക് സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ അധ്യയന വർഷം സംഘടിപ്പിക്കുന്ന വിവിധ മെഗാ പരിപാടികളുടെ തുടക്കമെന്ന നിലയിൽ, ‘മെഗാ ഹാക്കത്തോൺ – ഇന്നൊവേറ്റേഴ്സ് ലീഗ് 2026’ ശ്രദ്ധേയമായ ഒരു നാഴികക്കല്ലാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.


