ഗുവാഹത്തി: അസമില്‍ മഴക്കെടുതിയില്‍ മരണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ കനത്ത മഴയും പ്രളയവും ബാധിച്ചു. 24 മണിക്കൂറിനിടെ 14 പേർക്ക് ജീവൻ നഷ്ടമായതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ ബുള്ളറ്റിനില്‍ അറിയിച്ചു. ചിലയിടങ്ങളില്‍ വെള്ളം താഴ്ന്നു തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ സാഹചര്യം സംബന്ധിച്ച പുതിയ വിവരങ്ങള്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ ബന്ധപ്പെട്ട് വിലയിരുത്തി.
സംസ്ഥാന സർക്കാരിൻ്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളില്‍ കരസേനയും വ്യോമസേനയും ഭാഗമാകുന്നുണ്ട്. സർക്കാർ ബുള്ളറ്റിൻ പ്രകാരം, 810 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. 34,970.8 ഹെക്ടറില്‍ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. നദീതീരങ്ങള്‍ക്കും റോഡുകള്‍ക്കും പാലങ്ങള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും വ്യാപക നാശം സംഭവിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളിയാഴ്ച ചരൈദിയോ ജില്ലയില്‍ ഏഴുപേരും ശിവസാഗറില്‍ ആറുപേരും ജോർഹട്ടില്‍ ഒരാളുമാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം, ശിവസാഗർ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേർ (27) മരണപ്പെട്ടത്, മഴയും വെള്ളപ്പൊക്കവും മൂന്നുലക്ഷത്തോളം പേരെ ബാധിച്ചു. സംസ്ഥാനത്തെ ആറു ജില്ലകളിലായി 274 ദുരിതാശ്വാസ ക്യാമ്പുകളും സഹായ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. 18,902 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ പാർപ്പിച്ചിരിക്കുന്നത്.
മഴക്കെടുതിയുടെ വ്യാപ്തിയെക്കുറിച്ചും നിലവില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും താഴെത്തട്ടില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും ദുരിതബാധിതരായ ഓരോ കുടുംബത്തിലേക്കും സഹായമെത്തിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയോട് വിശദീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസ, പുനരധിവാസ, പുനർനിർമ്മാണ പ്രവർത്തനങ്ങള്‍ക്കായി കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


