സമൂഹമാധ്യമം വഴി ഡ്രോൺ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് രണ്ടു ബോട്ടിൽ കുപ്പിവെള്ളം. ഒറ്റപ്പാലം പനമണ്ണ സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്. 2200 രൂപയും നഷ്ടമായി. ഇൻഡോ ഗാഡ്ജറ്റ്സ് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ മലയാളി യുവാവിന്റെ ശബ്ദത്തിലുള്ള പരസ്യ വീഡിയോ കണ്ടാണ് പനമണ്ണ സ്വദേശിയായ യുവാവ് ഡ്രോൺ ക്യാമറ ഓർഡർ ചെയ്യുന്നത്. കൊറിയർ ചാർജ് അടക്കം 2200 രൂപയായിരുന്നു പരസ്യത്തിൽ പറഞ്ഞിരുന്നത്. ഫേസ് ബുക്കിലെ ലിങ്കിൽ തൊട്ടതും വാട്ട്സ്ആപ്പ് ചാറ്റിലേക്ക് പ്രവേശിച്ചു. പിന്നാലെ കൊറിയർ എത്തിക്കേണ്ട അഡ്രസും അഡ്വാൻസ് തുക അയച്ചതിന്റെ സ്ക്രീൻഷോട്ടും ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശം വന്നു. അയച്ചു നൽകിയ സ്കാനറിൽ 200 രൂപ മുൻകൂർ ആയി അടച്ചു. മൂന്നുദിവസത്തിനുള്ളിൽ വീട്ടിലെത്തിയ കൊറിയർ 2000 രൂപ അടച്ചു വാങ്ങി. കടലാസ് ബോക്സിൽ ലഭിച്ച പാക്കറ്റ് പൊട്ടിച്ചു നോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടു എന്നു മനസിലായത് എന്നു യുവാവ് പറയുന്നു. ഡ്രോണിനു പകരം പേപ്പറുകൾക്ക് ഉള്ളിൽ ഭദ്രമായി വെച്ച നിലയിലായിരുന്നു കുപ്പിവെള്ളം.
ഓൺലൈൻ വഴി ഓർഡർ ചെയ്തത് ഡ്രോൺ ; ലഭിച്ചത് രണ്ട് ബോട്ടിൽ കുപ്പി വെള്ളം


