കോട്ടയം : എസ്എസ്എൽസി പരീക്ഷ ഫലം അറിയാൻ കഴിയാതെ അഖിൽ യാത്രയായി . പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ ആറ്റിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ വേർപാടിൽ വിറങ്ങലിച്ച് നാട്. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ അഖിൽ ഇനിയില്ല എന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. ചൊവ്വ പകൽ ഒന്നരയോടെ വെള്ളുത്തുരുത്തി പാലക്കാലുങ്കൽ കടവിൽ കൊടുരാറിന്റെ കൈവഴിയിലായിരുന്നു നാടിനെ നടുക്കിയ അപകടം. അഖിലും നാല് സുഹൃത്തുക്കളും ചേർന്നാണ് കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ അഖിലിനെ വെളത്തിൽ വീണ് കാണാതാകുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി തിരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായില്ല. തുടർന്ന് കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചിങ്ങവനം വാകത്താനം പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ആംബുലൻസിൽ ജില്ല ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. ചിങ്ങവനം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന അഖിൽ നാഥ് എസ്എസ്എൽസി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിങ്ങവനം ചെറിയകുന്ന് കുഴിമറ്റം സജി സി ആർ ഗിരിജമ്മ ദമ്പതികളുടെ മകനാണ് അഖിൽ. മാതാവ് ഗിരിജമ്മ പള്ളം കൊച്ചു വീട്ടിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി, പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ , വൈസ് പ്രസിഡന്റ് റോയി മാത്യു , പഞ്ചായത്തംഗം പി കെ മോഹനൻ എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.