പിതാവിനെ പരിചരിക്കാൻ
നിന്ന പുരുഷ നഴ്‌സ്‌
വീട്ടമ്മയുടെ സ്വർണവും പണവും കവർന്നു;
പുരുഷ നഴ്‌സ്‌ കോയിപ്രം പോലീസ് പിടിയിൽ

കോഴഞ്ചേരി : സുഖമില്ലാതെ കിടപ്പിലായ പിതാവിനെ ശുശ്രൂഷിക്കാൻ വീട്ടിൽ നിർത്തിയ പുരുഷ നഴ്‌സ്‌ വീട്ടമ്മയുടെ സ്വർണാഭരണങ്ങളും, പണവും കവർന്നു കടന്നു. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ പ്രതി ഇടുക്കിയിൽ നിന്നും പിടിയിലായി. കട്ടപ്പന കുന്തളം പാറ തവളപ്പാറ മാറ്റത്തിൽ വീട്ടിൽ നിന്നും ഇരുപത് ഏക്കർ മാത്തുക്കുട്ടി വക പുളിക്കൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവന്ന പ്രദീപ് കുമാർ (39) ആണ് കോയിപ്രം പോലീസിന്റെ നീക്കത്തിൽ കുടുങ്ങിയത്.

Advertisements

കവിയൂർ പടിഞ്ഞാറ്റുശ്ശേരി ചിറത്തലക്കൽ രഞ്ജിജോർജ്ജിന്റെ ഭാര്യ ഷിജിമോൾ മാത്യു (40)വിന്റെ കുടുംബവീടായ തെള്ളിയൂർ മുണ്ടനിൽക്കുന്നതിൽ വീട്ടിൽ ഷിജിയുടെ പിതാവിനെ പരിചരിക്കാനെത്തിയതാണ് ഇയാൾ. ആഗസ്റ്റ്‌ 14 നാണ് യുവാവ് ഷിജിമോളുടെ അച്ഛനെ പരിചരിക്കാനെത്തിയത്.
മൂന്നുദിവസം കഴിഞ്ഞപ്പോൾ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ തൂക്കമുള്ള സ്വർണവളയും, രണ്ട് ഗ്രാം തൂക്കം വരുന്ന ഒരുജോഡി സ്വർണക്കമ്മലും, രണ്ട് പവന്റെ മോതിരവും, പതിനായിരം രൂപയും മോഷ്ടിച്ചുകടന്നു. സെപ്റ്റംബർ ഒന്നിന് ഷിജിമോൾ കോയിപ്രം സ്റ്റേഷനിലെത്തി മൊഴിനൽകിയതിനെത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോഴഞ്ചേരിയിലെ സ്വകാര്യ ഏജൻസിയാണ് പ്രദീപിനെ ഏർപ്പാടാക്കികൊടുത്തതെന്ന് മൊഴിയിൽ വ്യക്തമാക്കിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം പ്രതിക്കായുള്ള അന്വേഷണം വ്യാപകമാക്കിയതിനെ തുടർന്ന് കട്ടപ്പന ഇരുപത് ഏക്കറിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. ഷിജിമോളെ വീഡിയോ കോളിലൂടെ ഇയാളെ കാണിച്ച് ഉറപ്പാക്കിയശേഷം വെള്ളിയാഴ്‌ച്ച വൈകിട്ട് പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കട്ടപ്പന സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറ്റം സമ്മതിച്ച പ്രതിയെയും കൂട്ടി ഇരുപത് ഏക്കറിൽ ഇയാളും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി കിടപ്പുമുറിയിലെ മേശയുടെ വലിപ്പിൽ നിന്നും കമ്മൽ കണ്ടെടുത്തു. തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ചു. സ്വർണം തൂക്കി അളവ് ഉറപ്പാക്കിയും, പ്രതിയുടെ വിരലടയാള പരിശോധന നടത്തിയും മറ്റ് നടപടികൾക്കും ശേഷം, കോടതിയിൽ ഹാജരാക്കി. മോഷ്ടിച്ച മറ്റ് സ്വർണവും, പണവും കണ്ടെടുക്കാനായിട്ടില്ല, പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. എസ് ഐ പ്രകാശ്, എ എസ് ഐ വിനോദ് കുമാർ, എസ് സിപിഓ ജോബിൻ, സിപിഓ അഭിലാഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

Hot Topics

Related Articles