റിലീസിനു പിന്നാലെ ആടുജീവിതത്തിന്റെ വ്യാജൻ; പുറത്തിറങ്ങിയത് കാനഡയിൽ

മികച്ച അഭിപ്രായത്തോടെ ബോക്സോഫീസില്‍ കുതിക്കുകയാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ ആടുജീവിതം. എന്നാല്‍ ഏവരേയും ആശങ്കപ്പെടുത്തിക്കൊണ്ട് ആടുജീവിതം സിനിമയുടെ വ്യാജപതിപ്പും ഇന്റർനെറ്റില്‍ പ്രചരിക്കുകയാണ്. കാനഡയിലാണ് ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഐപിടിവി എന്ന പേരില്‍ കിട്ടുന്ന ചാനലുകളിലൂടെയാണ് ഇത് പ്രചരിക്കുന്നത്. പാരി മാച്ച്‌ (Pari Match) എന്ന ലോഗോ ഈ വ്യാജപതിപ്പില്‍ കാണുന്നുണ്ട്. ഇവർ കായിക മത്സരങ്ങളില്‍ വാതുവെപ്പ് നടത്തുന്ന ഒരു കമ്പനിയാണെന്നാണ് റിപ്പോർട്ട്.

കാനഡയിലും അമേരിക്കയിലുമെല്ലാം റിലീസ് ആയാലുടനെ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പെട്ടെന്ന് തന്നെ ഇത്തരം ഐപിടിവികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ബെന്യാമിന്റെ ഇതേപേരിലുള്ള പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ചിത്രമാണ് ‘ആടുജീവിതം’. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതം എത്തുക. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റുതാരങ്ങള്‍. എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിച്ചിരിക്കുന്നു.

Hot Topics

Related Articles