ചെന്നൈ: അഭിഭാഷകനായി എൻറോള്‍ ചെയ്ത രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ജയില്‍മോചിതനായ പേരറിവാളനെ കോടതികളില്‍ ഹാജരാകാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം പി. രാഷ്ട്രപതിക്ക് കത്ത് നല്കി. തമിഴ്നാട്ടിലെ മയിലാടുതുറൈയില്‍ നിന്നുള്ള എംപി സുധയാണ് കത്ത് നല്‍കിയത്. ബാർ കൗണ്‍സില്‍ റോളില്‍ നിന്ന് ഉടൻ നീക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. പേരറിവാളനെ കോടതികളില്‍ ഹാജരാകാൻ അനുവദിക്കുന്നത് ജുഡീഷ്യറിക്ക് കളങ്കമാണെന്നും ഇതിനെതിരെ കോടതി വരെ പോരാടുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. രാജീവ് വധക്കേസില്‍ 30 വർഷമാണ് പേരറിവാളൻ ജയിലില്‍ കഴിഞ്ഞത്.
പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച എ.ജി. പേരറിവാളൻ, തമിഴ്നാട് ആൻഡ് പുതുച്ചേരി ബാർ കൗണ്‍സിലില്‍ അഭിഭാഷകനായി കഴിഞ്ഞ ദിവസമാണ് എൻറോള്‍ ചെയ്തത്. 31 വർഷത്തെ ജയില്‍വാസത്തിന് ശേഷം 2022-ല്‍ സുപ്രീം കോടതി മോചിപ്പിച്ച പേരറിവാളൻ നിയമപഠനം പൂർത്തിയാക്കിയാണ് അഭിഭാഷകനായി എൻറോള്‍ ചെയ്തത്.ഭീകരപ്രവർത്തനം ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവർക്ക് അഭിഭാഷകരായി പ്രവർത്തിക്കാൻ അനുമതി നല്‍കരുതെന്നാണ് രാഷ്ട്രപതിക്ക് നല്കിയ കത്തിലെ ആവശ്യം.

