ന്യൂഡൽഹി:വിമാനയാത്രാ സുരക്ഷാ നിയമങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴി തുറക്കുന്നു. പവർബാങ്ക് ഉപയോഗത്തിലും, ഇത് കൈവശം വെയ്ക്കുന്നതിലും, നിയന്ത്രണങ്ങൾ വരുത്താനുള്ള നീക്കം ഡിജിസിഎ (DGCA) ആലോചിക്കുന്നു.യാത്രക്കാർ പവർബാങ്കുകൾ കൈയ്യിൽ കരുതുന്നത് സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വേണമോയെന്ന് ഡിജിസിഎ വിലയിരുത്തുകയാണ്. ആഗോള നിലവാരത്തിലുള്ള വ്യവസ്ഥകളും സുരക്ഷാമാനദണ്ഡങ്ങളും പരിശോധിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനം.ലിഥിയം ബാറ്ററികൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ അടുത്തിടെ വർധിച്ചതാണ് നീക്കത്തിന് പിന്നിലെ പ്രധാന കാരണം. അടുത്തിടെ ഡൽഹി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്റെ പവർബാങ്കിന് തീപിടിച്ച സംഭവം ആശങ്ക ഉയർത്തിയിരുന്നു.
വിദേശത്തും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇതിനെ തുടർന്ന് നിരവധി അന്താരാഷ്ട്ര എയർലൈൻസുകൾ പവർബാങ്കുകൾ കൈവശം വെയ്ക്കുന്നതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ ഒന്നുമുതൽ എമിറേറ്റ്‌സ് എയർലൈൻസ് വിമാനത്തിനകത്ത് പവർബാങ്ക് ഉപയോഗിച്ച് മൊബൈൽ ചാർജ് ചെയ്യുന്നത് നിരോധിച്ചിരുന്നു. 100 വാട്ട് മണിക്കൂറിന് താഴെയുള്ള പവർബാങ്കുകൾ മാത്രമേ യാത്രക്കാർക്ക് കൈവശം വഹിക്കാനാവൂ എന്നും അവ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ മാത്രം കൈവശം സൂക്ഷിക്കണമെന്നുമാണ് എമിറേറ്റ്‌സിന്റെ മാർഗ്ഗനിർദ്ദേശം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതുപോലെ തന്നെ പവർബാങ്കുകളുടെ ശേഷി, എണ്ണം, വിമാനത്തിനകത്ത് എവിടെ എങ്ങനെ സൂക്ഷിക്കണം തുടങ്ങിയവയ്‌ക്കെല്ലാം വ്യക്തമായ മാർഗ്ഗരേഖകൾ തയ്യാറാക്കാനുള്ള സാധ്യത ഡിജിസിഎ പരിശോധിക്കുന്നതായി സൂചനകളുണ്ട്.സുരക്ഷയാണ് വിമാനയാത്രയിൽ പ്രധാന പരിഗണനയെന്ന് അധികൃതർ വ്യക്തമാക്കുന്നു. അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.


