പാക്കിസ്ഥാൻ്റെ ഇടപെടലിനും രക്ഷയില്ല: വെടി നിർത്തൽ പ്രഖ്യാപിച്ചിട്ടും ഗൾഫ് മേഖലയിൽ ഡ്രോൺ – മിസൈൽ ആക്രമണങ്ങൾ തുടർന്ന് ഇറാൻ 

ഹോർമൂസ്: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ വെടിനിർത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഗള്‍ഫ് മേഖലയില്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ രൂക്ഷമായി തുടരുന്നു. കുവൈത്തിന് നേരെ ഇന്ന് പുലർച്ചെ മുതല്‍ വൻതോതിലുള്ള ഡ്രോണ്‍ ആക്രമണമാണ് ഉണ്ടായത്. 42 ഡ്രോണുകളും നാല് മിസൈലുകളും ഉപയോഗിച്ച്‌ ഇറാൻ നടത്തിയ ആക്രമണത്തില്‍ രാജ്യത്തെ ഊർജ്ജ-ജല നിലയങ്ങള്‍ക്കും എണ്ണ ശുദ്ധീകരണ ശാലകള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിനുപുറമെ, യുണൈറ്റഡ് അറബ് എമിറേറ്റ്സിലും ഇറാൻ ആക്രമണം തുടർന്നു. 17 മിസൈലുകളും 35 ഡ്രോണുകളുമാണ് ഇന്ന് യു.എ.ഇ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞത്.

Advertisements

വെടിനിർത്തല്‍ നിലവില്‍ വന്നെങ്കിലും മേഖലയില്‍ ഇപ്പോഴും ലംഘനങ്ങള്‍ തുടരുകയാണെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആശങ്ക പ്രകടിപ്പിച്ചു. സമാധാന ചർച്ചകള്‍ക്ക് മുന്നോടിയായി ഇത്തരം ആക്രമണങ്ങള്‍ ആവർത്തിക്കുന്നത് തിരിച്ചടിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാല്‍ ചർച്ചകളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി പാക് സൈനിക മേധാവി ജനറല്‍ അസീം മുനീറുമായി കൂടിക്കാഴ്ച നടത്തി. വെടിനിർത്തല്‍ വ്യവസ്ഥകള്‍ ഉറപ്പാക്കുന്നതിനെക്കുറിച്ചും സമാധാന ചർച്ചകളുടെ സുരക്ഷയെക്കുറിച്ചും ഇരുവരും സംസാരിച്ചു.

സമാധാന നീക്കത്തിന്റെ നിർണ്ണായക ഘട്ടമായി അമേരിക്കയുടെയും ഇറാന്റെയും ഉന്നതതല സംഘങ്ങള്‍ നാളെ പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ എത്തും. അമേരിക്കയ്ക്കായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാന് വേണ്ടി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമാണ് ചർച്ചകളില്‍ പങ്കെടുക്കുന്നത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും മേഖലയിലെ സംഘർഷം പൂർണ്ണമായും ഒഴിവാക്കുന്നതിനുമുള്ള പത്ത് നിർദ്ദേശങ്ങളടങ്ങിയ പദ്ധതി ചർച്ചയില്‍ പ്രധാന വിഷയമാകും. നാളെ നടക്കാനിരിക്കുന്ന ഈ ചർച്ചകള്‍ പശ്ചിമേഷ്യയില്‍ സുസ്ഥിരമായ സമാധാനം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ലോകരാഷ്ട്രങ്ങള്‍.

Hot Topics

Related Articles