ചെന്നൈ: സൂപ്പർ കിംഗ്സിന്റെ ഇതിഹാസ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗിന്റെ വിജയങ്ങളെല്ലാം എം.എസ്. ധോണിയുടെ നിഴലിലായിരുന്നെന്ന് മുൻ ഇന്ത്യൻ താരം സദഗോപൻ രമേശ്. ധോണി നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ചെന്നൈ നേരിടുന്ന തിരിച്ചടികള്‍ ചൂണ്ടിക്കാട്ടിയാണ് രമേശിന്റെ വിമർശനം. ആധുനിക ക്രിക്കറ്റിന്റെ വേഗതയ്ക്കൊപ്പം മാറാൻ ഫ്ലെമിംഗിന് സാധിക്കുന്നില്ലെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ തുറന്നടിച്ചു. 2009 മുതല്‍ ചെന്നൈയുടെ പരിശീലകനായ ഫ്ലെമിംഗിന് ധോണിയില്ലാതെ ഒരിടത്തും വിജയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് രമേശ് നിരീക്ഷിച്ചു. ‘ധോണി നായകനല്ലാത്ത ഒരു ടീമിനെയും ഫ്ലെമിംഗ് വിജയത്തിലെത്തിച്ചിട്ടില്ല. ധോണിയെ ആശ്രയിച്ചാണ് അദ്ദേഹത്തിന്റെ വിജയം. ഇന്നത്തെ ആക്രമണോത്സുകമായ ക്രിക്കറ്റിനോട് പൊരുത്തപ്പെടാൻ ഫ്ലെമിംഗിന് സാധിക്കുന്നില്ല. ഗെയിം പ്ലാനുകളില്‍ അദ്ദേഹം മറ്റുള്ളവരേക്കാള്‍ അഞ്ച് പടികള്‍ പിന്നിലാണ്,’ – സദഗോപൻ രമേശ് പറഞ്ഞു.
സിഎസ്കെയുടെ സഹ ഫ്രാഞ്ചൈസികളായ ടെക്സസ് സൂപ്പർ കിംഗ്സിലും (MLC), ജോബർഗ് സൂപ്പർ കിംഗ്സിലും (SA20) ഫ്ലെമിംഗ് പരിശീലകനാണെങ്കിലും അവിടെയൊന്നും ഒരു കിരീടം പോലും നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്ന കാര്യവും രമേശ് ഓർമ്മിപ്പിച്ചു. നായകൻ ഋതുരാജ് ഗെയ്ക്വാദിന്റെ മോശം ഫോമും ടീമിനെ തളർത്തുന്നുണ്ട്. ‘സിക്സറുകളും ഫോറുകളും അടിക്കാൻ വലിയ പരിചയസമ്പത്തൊന്നും വേണ്ട. ഒരു നായകൻ എന്ന നിലയില്‍ സ്വന്തം സമ്മർദ്ദം കുറയ്ക്കാൻ ഋതുരാജ് ആദ്യം റണ്‍സ് കണ്ടെത്തണം. ഒറ്റയ്ക്ക് മത്സരങ്ങള്‍ ജയിപ്പിക്കാൻ തുടങ്ങിയാല്‍ മാത്രമേ ഋതുരാജിന് ആത്മവിശ്വാസത്തോടെ ടീമിനെ നയിക്കാൻ കഴിയൂ.’
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സീസണില്‍ കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ ചെന്നൈയ്ക്ക് വരാനിരിക്കുന്ന പോരാട്ടം നിർണ്ണായകമാണ്. ശനിയാഴ്ച (ഏപ്രില്‍ 11) ചെപ്പോക്കില്‍ വെച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുമ്പോള്‍ ആദ്യ വിജയം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പട.

