ന്യൂഡൽഹി: രാജ്യത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി നടക്കുന്ന മരുന്നുവില്പനയില് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി എല്ലാ ഫാർമസികളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നത് നിർബന്ധമാക്കാൻ ഡ്രഗ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ (ഡിസിസി) നിർദേശം. ഓരോ മരുന്നിടപാടും വ്യക്തമായി പരിശോധിക്കാവുന്ന തരത്തില്‍ വേണം കാമറകള്‍ സ്ഥാപിക്കേണ്ടതെന്നു സമിതി വ്യക്തമാക്കി. നിലവിലുള്ള ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തിയായിരിക്കും പുതിയ നിയമം നടപ്പിലാക്കുക. അനിയന്ത്രിതമായ മരുന്ന് വില്‍പ്പന തടയുന്നതിനും ലഹരിമരുന്നുകളായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള മരുന്നുകളുടെ വിതരണം നിരീക്ഷിക്കുന്നതിനുമാണ് ഈ നീക്കം.
ചില്ലറ വിപണന കേന്ദ്രങ്ങളില്‍ ചില മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍ക്കുന്നത് തടയാൻ ശക്തമായ നിരീക്ഷണ സംവിധാനം വേണമെന്ന് നാഷണല്‍ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈല്‍ഡ് റൈറ്റ്സ് (എൻസിപിസിആർ) നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ഡിസിസിയുടെ തീരുമാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിസിടിവി നിരീക്ഷണത്തിനു പുറമെ, മരുന്ന് വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തത്സമയം രേഖപ്പെടുത്താൻ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനോ കേന്ദ്രീകൃത പോർട്ടലോ വികസിപ്പിക്കാനും സമിതി സമ്മതിച്ചു. ഇതോടെ ദുരുപയോഗ സാധ്യതയുള്ള മരുന്നുകളുടെ സ്റ്റോക്കും വില്‍പ്പന രീതിയും ദേശീയതലത്തില്‍ത്തന്നെ നിരീക്ഷിക്കാൻ എൻഫോഴ്സ്മെന്റ് ഏജൻസികള്‍ക്കും റെഗുലേറ്റർമാർക്കും സാധിക്കും. സംസ്ഥാനതലത്തിലുള്ള രേഖകള്‍ക്ക് പകരം ഏകീകൃത ദേശീയ വിവരശേഖരണ സംവിധാനത്തിലേക്ക് മാറുന്നത് മരുന്ന് വിപണിയിലെ സുതാര്യത ഉറപ്പാക്കുമെന്നാണ് വിലയിരുത്തല്‍.

