ആലപ്പുഴ: ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ആലപ്പുഴ എക്സൈസ് സൈബർ സെല്ലും ചേർന്ന് നടത്തിയ നടപടിയിൽ, സമൂഹമാധ്യമങ്ങളിലൂടെ മയക്കുമരുന്ന് വിൽപ്പനയ്ക്ക് ശ്രമിച്ച 19 വയസുകാരൻ അറസ്റ്റിലായി.
ആലപ്പുഴ എക്സൈസ് സൈബർ സെല്ലിന്റെ സൈബർ പട്രോളിംഗിനിടെയാണ് സമൂഹമാധ്യമങ്ങളിലൂടെ മയക്കുമരുന്ന് വിൽപ്പന നടത്താനുള്ള ശ്രമം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സെബാസ്റ്റ്യൻ എ.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൈനകരി സൗത്ത് വില്ലേജിലെ ആരയ്ക്കൽ ലക്ഷം വീട്, തൊട്ടുവത്തല മുറിയിൽ താമസിക്കുന്ന ഗൗതം രതീഷ് (19) എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാളുടെ കൈവശം നിന്നും 19 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
മണ്ണഞ്ചേരി പഞ്ചായത്തിലെ വാളിയകലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിന് സമീപം, പോപ്പി പാലത്തിന്റെ കിഴക്കുവശത്തുള്ള റോഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.
സർക്കിൾ ഇൻസ്പെക്ടർ സെബാസ്റ്റ്യൻ എ.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ അനിലാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുലേഖ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപികൃഷ്ണൻ, സാജൻ ജോസഫ് എന്നിവർ പങ്കെടുത്തു.
സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരെ കണ്ടെത്തുന്നതിനായി എക്സൈസ് സൈബർ സെല്ലിന്റെ സൈബർ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും, പൊതുജനങ്ങൾ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസ് വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു


