തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പിവി അൻവർ എംഎല്‍എ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നല്‍കിയ പരാതി അന്വേഷിക്കാൻ പാർട്ടി നേതൃതലത്തില്‍ ആലോചന. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവത്തിലുള്ളതാണെന്നാണ് വിലയിരുത്തല്‍. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഈ പരാതികള്‍ സംബന്ധിച്ച് ചർച്ച നടക്കും.
ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ എകെജി സെൻ്ററിന് മുന്നിലെ ഫ്ലാറ്റിലെത്തി നേരിട്ട് കണ്ട് പിവി അൻവർ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് ഇന്നലെ നല്‍കിയ അതേ പരാതിയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയതെന്നാണ് പിവി അൻവർ പ്രതികരിച്ചത്. എന്നാല്‍ അന്വേഷണം സംബന്ധിച്ച് ഒരുറപ്പും തനിക്ക് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെയാണ് പിവി അൻവർ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി സൂപ്പർ മുഖ്യമന്ത്രി ചമയുന്നുവെന്നതാണ് പിവി അൻവറിൻ്റെ പരാതിയിലെ പ്രധാന ആരോപണം. ഈ പരാതി ഏറെക്കാലമായി സിപിഎമ്മിന് അകത്തുണ്ട്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലെ ചർച്ചകള്‍ക്ക് അനുസരിച്ചായിരിക്കും പരാതിയില്‍ എന്ത് നിലപാടെടുക്കണമെന്ന് തീരുമാനിക്കുക.