ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും ഉടൻ യുദ്ധം നിർത്തണമെന്ന് യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇറാൻ അയല്‍രാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് പറഞ്ഞു.ഹോർമുസ് കടലിടുക്ക് ഇറാൻ തടസ്സപ്പെടുത്തുന്നത് ലോകമെമ്പാടും വില വർദ്ധനവ് ഉണ്ടാക്കുമെന്നും യുഎൻ മുന്നറിയിപ്പ് നല്‍കി.
സംഘർഷങ്ങള്‍ അവസാനിക്കാൻ നയതന്ത്രം മാത്രമാണ് വഴി. യുദ്ധം തുടരുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും. മിഡില്‍ ഈസ്റ്റ് കൂടുതല്‍ വ്യാപകമായ യുദ്ധത്തിന്റെ വക്കിലാണ്. ആഗോള തലത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും യുഎൻ മേധാവി മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ, ഹോർമുസില്‍ പിടിമുറുക്കി പുതിയ നടപടിക്കൊരുങ്ങുകയാണ് ഇറാൻ. കപ്പലുകള്‍ക്ക് കടന്നു പോകാൻ പുതിയ പ്രോട്ടോകോള്‍ ഇറക്കിയിരിക്കുകയാണ് ഇറാൻ എന്നാണ് റിപ്പോർട്ട്. പടക്കപ്പലുകള്‍ക്കും വ്യാപാര കപ്പലുകള്‍ക്കും പ്രത്യേക മാർഗ നിർദേശം നല്‍കി. ഈ നിർദേശം ഇറാൻ പാർലമെന്റും സർക്കാരും അംഗീകരിച്ചു കഴിഞ്ഞു. ഹോർമൂസിന് മേല്‍ അധികാരം പ്രഖ്യാപിക്കുന്ന തരത്തിലാണ് ഇറാൻ്റെ നീക്കമെന്നാണ് വിവരം. അതിനിടെ, ഹോർമുസ് കടലിടുക്കിലെ ചരക്കു നീക്കം നിലച്ചതില്‍ കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യ രംഗത്തെത്തി. യുകെ വിദേശകാര്യ സെക്രട്ടറി വിളിച്ച യോഗത്തില്‍ ഇന്ത്യ പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് ഇന്ത്യ ആശങ്ക അറിയിച്ചത്. നയതന്ത്ര നീക്കത്തിലൂടെ സമാധാനം പുനസ്ഥാപിക്കണമെന്നും ഇന്ത്യയുടെ നാവികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൂണ്ടിക്കാട്ടി.
അതേസമയം, ഹോർമൂസ് കടലിടുക്ക് തുറക്കാൻ യുകെയുടെ നേതൃത്വത്തില്‍ വിളിച്ചു ചേർത്ത 35 രാജ്യങ്ങളുടെ യോഗം പൂർത്തിയായി. ബാബ് അല്‍ മന്ദബും യോഗത്തില്‍ ചർച്ചയായി. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തിലെ സ്കൂള്‍ ബസ് ഫീസ് ഒഴിവാക്കി യുഎഇയിലെ കൂടുതല്‍ സ്കൂളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. പേസ് ഗ്രൂപ്പും തീരുമാനം രക്ഷിതാക്കളെ അറിയിച്ചു.

