അലബാമ: ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തൊട്ടുമുൻപ് ആരാധകർക്ക് ആവേശവും ആശ്വാസവും നല്‍കി അര്‍ജന്‍റീന ക്യാപ്റ്റൻ ലിയോണല്‍ മെസിയുടെ തിരിച്ചുവരവ്. പേശിയിലെ അസ്വസ്ഥതകള്‍ മാറി പകരക്കാരനായി കളത്തിലിറങ്ങിയ മെസി ഗോളടിച്ച സൗഹൃദ മത്സരത്തില്‍, ഐസ്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അർജന്‍റീന തകർത്തുവിട്ടു. അമേരിക്കയിലെ അലബാമയിലുള്ള ജോർദാൻ-ഹെയർ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മെസിയെ ഒരുനോക്ക് കാണാൻ പതിനായിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.
കളി തുടങ്ങി എട്ടാം മിനിറ്റില്‍ എസെക്വല്‍ ബാർകോയിലൂടെയാണ് അർജന്‍റീന സ്കോറിങ് തുടങ്ങിയത്. തുടർന്ന് രണ്ടാം പകുതിയുടെ 70-ാം മിനിറ്റിലാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കോച്ച് ലയണല്‍ സ്കലോണി മെസിയെ പകരക്കാരനായി ഗ്രൗണ്ടിലിറക്കിയത്. കളത്തിലിറങ്ങി മിനിറ്റുകള്‍ക്കകം ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെസി അർജന്റീനയുടെ ലീഡ് രണ്ടാക്കി. കരിയറിലെ 911-ാമത്തെയും അർജന്‍റീനയ്ക്കായുള്ള 117-ാമത്തെയും ഗോളാണ് മെസി കുറിച്ചത്. പിന്നാലെ തിയാഗോ അല്‍മാഡ കൂടി വലകുലുക്കിയതോടെ ലോകകപ്പ് നിലവിലെ ചാമ്പ്യന്മാരുടെ വിജയം പൂർത്തിയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടത് കാലിലെ പേശിവലിവിനെത്തുടർന്ന് ഇന്‍റർ മയാമിയുടെ അവസാന മത്സരത്തില്‍ നിന്നും മെസിക്ക് 73-ാം മിനിറ്റില്‍ പിന്മാറേണ്ടി വന്നിരുന്നു. തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് മെസി ദേശീയ ടീമിന്‍റെ ക്യാമ്പില്‍ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ഹോണ്ടുറാസിനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ മെസി കളിച്ചിരുന്നില്ല.താരങ്ങളുടെ ഫിറ്റ്‌നസിനാണ് ഇപ്പോള്‍ മുൻഗണന നല്‍കുന്നതെന്നും പരിക്കുകള്‍ ഒഴിവാക്കാൻ കളിക്കാർക്ക് കൃത്യമായ വിശ്രമം നല്‍കുമെന്നും കോച്ച് സ്കലോണി വ്യക്തമാക്കിയിരുന്നു.
പരിക്കിനെക്കുറിച്ചുള്ള ആശങ്കകള്‍ പൂർണ്ണമായും മാറ്റുന്നതായിരുന്നു ഐസ്‌ലൻഡിനെതിരെയുള്ള മെസിയുടെ പ്രകടനം. ലോകകപ്പ് കിരീടം നിലനിർത്താനൊരുങ്ങുന്ന അർജന്‍റീനക്ക് ഈ വിജയം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. സൗഹൃദ മത്സരങ്ങളിലെ തുടർച്ചയായ രണ്ടാം ജയത്തോടെയാണ് ടീം ലോകകപ്പിലേക്ക് കടക്കുന്നത്. ജൂണ്‍ 16-ന് അള്‍ജീരിയയ്‌ക്കെതിരെയാണ് ലോകകപ്പില്‍ അർജന്‍റീനയുടെ ആദ്യ മത്സരം.


