പാലാ: നഗരസഭാ അധ്യക്ഷയുടെ ഔദ്യോഗിക ചേംബറിൽ നിന്ന് വാച്ചും സുപ്രധാന ഫയലും നഷ്ടപ്പെട്ടതായി പരാതി. പാലാ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടം പാലാ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജൂൺ 8-ന് വൈകുന്നേരമാണ് സംഭവം നടന്നത്. ഉച്ചഭക്ഷണത്തിനായി അധ്യക്ഷ ഓഫീസിൽ നിന്ന് പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. വാഷ്‌റൂമിൽ പോകുന്നതിനായി ഊരിവെച്ച വിലപിടിപ്പുള്ള വാച്ചും, വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട സുപ്രധാന ഫയലും തന്റെ ഡെസ്‌കിലെ ഡ്രോയറിൽ സൂക്ഷിച്ചിരുന്നു.
വൈകുന്നേരം 5.15-ഓടെ നഗരസഭാ കൗൺസിലർ ബിജു മാത്യുവും പോലീസുകാരാണെന്ന് അവകാശപ്പെട്ട മൂന്നുപേരും ചേർന്ന്, നഗരസഭാ സെക്രട്ടറിയെപ്പോലും അറിയിക്കാതെ അധ്യക്ഷയുടെ മുറി തുറന്നു പരിശോധിച്ചതായി പരാതിയിൽ ആരോപിക്കുന്നു. വിവരമറിഞ്ഞ് 5.40-ഓടെ ഓഫീസിലെത്തിയ അധ്യക്ഷ ഡ്രോയർ പരിശോധിച്ചപ്പോൾ വാച്ചും ഫയലും നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ചെയർപേഴ്‌സൺ പോലീസിൽ പരാതി നൽകി.
പാലാ നഗരസഭാ അധ്യക്ഷയുടെ മുറിയിൽ മോഷണം: വാച്ചും സുപ്രധാന ഫയലും നഷ്ടപ്പെട്ടതായി പരാതി

Advertisements

