മിയാമി: സാക്ഷാൽ ലയണൽ മെസിയുടെ തട്ടകത്തിൽ അർജന്റീനയെ വിറപ്പിച്ച് കീഴടങ്ങി കേപ് വെർദേ എന്ന കൊച്ച് രാജ്യം. ലോകചാമ്പ്യന്മാരായിരുന്ന സ്പെയിനെയും, ഉറുഗ്വേയെയും ഗ്രൂപ്പ് ഘട്ടത്തിൽ സമനിലയിൽ തളച്ച പോരാട്ട വീര്യവുമായി എത്തിയ കേപ് വെർദേ , അർജന്റീനയെ നിശ്ചിത സമയത്തും അധിക സമയത്തിന്റെ ആദ്യ പകുതിയിലും സമനിലയിൽ പിടിച്ചു പൂട്ടിയിട്ടു. കളി പെനാലിറ്റിയിലേയ്ക്കു പോകുമെന്ന ഘട്ടത്തിൽ വന്ന സെൽഫ് ഗോളിലൂടെയാണ് അർജന്റീന രക്ഷപെട്ടത്.
മത്സരത്തിന്റെ ആദ്യ ഹൈഡ്രേഷൻ മിനിറ്റ് വരെ അർജന്റീനയെ പിടിച്ചു കെട്ടിയ പ്രതിരോധ പോരാട്ടമാണ് കേപ് വെർദേ നടത്തിയത്. കൃത്യമായ പ്രതിരോധം ഒരുക്കി അർജന്റീനയെ പൂട്ടിയ സംഘം, കൃത്യമായ ഇടവേളകളിൽ കൗണ്ടർ അറ്റാക്കുകളും നടത്തി. എന്നാൽ, 29 ആം മിനിറ്റിൽ നിർണ്ണായകമായ ഗോളിലൂടെ സാക്ഷാൽ ലയണൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു. ലോകകപ്പിലെ ഗോൾ നേട്ടം 20 ആയി ഉയർത്തിയ മെസി, ഈ ലോകകപ്പിൽ ഏഴു ഗോളടിച്ച് എംബാപ്പെയെ പിന്നിലാക്കി ഗോൾഡൻ ബൂട്ട് നേട്ടത്തിൽ മുന്നിൽ ഓടിക്കയറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, 59 ആം മിനിറ്റിലെ കിടിലൻ ഗോളിലൂടെ ഡെറോയി ഡുറാറ്റേ അർജന്റീനയെ ഞെട്ടിച്ചു. കേപ് വെർദേയ്ക്കായി ഗോൾ നേടിയ ഡെറോയി സമനില നേടി നൽകി. ഇതോടെ 90 മിനിറ്റും ഈ സമനിലയിൽ പിടിച്ചു നിൽക്കാനായിരുന്നു കേപ് വെർദേയുടെ ശ്രമം. എന്നാൽ, എക്സ്ട്രാ ടൈമിലേയ്ക്കു കളി നീങ്ങിയതോടെ അർജന്റീന സർവശക്തിയുമെടുത്ത് ആക്രമിച്ചു. ഇതിന്റെ ഫലമായി ലഭിച്ച കോർണർ എടുത്തത് ലയണൽ മെസി. മെസിയുടെ കോർണർ നേരെ എത്തിയത് ലിസാൻഡ്രോ മാർട്ടിനെസിന്റെ കാലിൽ. മാർക്ക് ചെയ്യപ്പെടാതെ നിന്ന ലിസാൻഡ്രോ പന്ത് വലയിൽ ഫിനിഷ് ചെയ്തു. 92 ആം മിനിറ്റിലെ ആ ഗോളിന്റെ ആശ്വാസത്തിൽ കളി ഒന്ന് വേഗം കുറച്ച അർജന്റീനയ്ക്ക് ഉടൻ തിരിച്ചടി കിട്ടി. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി തീരും മുൻപ് 103 ആം മിനിറ്റിൽ ബോക്സിന്റെ ഉള്ളിൽ നിന്നുള്ള കിടിലൻ ഷോട്ട് സാക്ഷാൽ എമിലിയാനോ മാർട്ടിനെസിനെ കാഴ്ചക്കാരനാക്കി വലയ്ക്കുള്ളിൽ. കുഞ്ഞൻ ടീമെന്ന് വിളിച്ചിരുന്ന കാപോയുടെ ആക്രമണകാരിയായ കാബ്രാലിന്റെ കാലിൽ നിന്നുയർന്ന വെടിയുണ്ടയാണ് ആ വല തുളച്ച് കയറിയത്. 111 ആം മിനിറ്റിൽ മെസിയുടെ കോർണർ ഒരിക്കൽ കൂടി അർജന്റീനയ്ക്ക് പ്രതീക്ഷ നൽകി. ആ കോർണറിൽ തല വച്ചത് അർജന്റീൻ താരമാണെങ്കിലും അവസാന ഷോട്ട് വന്നത് കാപോയുടെ പ്രതിരോധ താരമായ ബോർജസിന്റെ തലയിൽ നിന്നായിരുന്നു. അതുകൊണ്ടു തന്നെ സെൽഫ് ഗോളായി വിധിച്ച് കളി അർജന്റീന സീൽ ചെയ്തു. ഇതിന് ശേഷം കാപോ ആക്രമണം കടുപ്പിച്ചെങ്കിലും മെസിയെയും സംഘത്തെയും മറികടക്കാൻ സാധിച്ചില്ല. അങ്ങിനെ പൊരുതി നേടിയ വിജയത്തോടെ അർജന്റീന പ്രീ ക്വാർട്ടറിലേയ്ക്ക്. ആസ്ട്രേലിയയെ പെനാലിറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയ ഈജിപ്ത് ആണ് പ്രീ ക്വാർട്ടറിൽ മെസിയുടെയും സംഘത്തിന്റെയും എതിരാളികൾ.


