പിടിവാശി വിടാൻ വൈകിയത് കുരുക്കായി; ആശമാർക്കുള്ള എൻഎച്ച്‌എം ഫണ്ട് പാഴാക്കിയതില്‍ കേരളത്തിനുണ്ടായത് ഗുരുതര വീഴ്ച

തിരുവനന്തപുരം: ആശമാർക്കുള്ള ഇൻസെന്‍റീവ് അടക്കമുള്ള എൻഎച്ച്‌എം ഫണ്ട് പാഴാക്കിയതില്‍ കേരളത്തിനുണ്ടായത് ഗുരുതര വീഴ്ച. കേന്ദ്രത്തിന്‍റെ ബ്രാൻഡിങ് നിബന്ധനയ്ക്ക് വഴങ്ങില്ലെന്ന നിലപാട് മയപ്പെടുത്തി തമിഴ്നാട് മുഴുവൻ തുകയും നേടിയെടുത്തപ്പോഴും കേരളം പിടിവാശി വിടാൻ വൈകിയതാണ് കുരുക്കായത്. ഇതിനിടെ ആശമാർക്ക് ഏറ്റവും അധികം ഓണറേറിയം സിക്കിമിലാണെന്ന വിജ്ഞാപനവും പുറത്തുവന്നു. എൻഎച്ച്‌എം പദ്ധതികള്‍ക്കായി 2023-24 സാമ്പത്തിക വർഷത്തില്‍ കേരളത്തിന് 826.02 കോടിയാണ് അനുവദിച്ചത്.

Advertisements

ആദ്യ ഗഡു 189 കോടി കിട്ടിയപ്പോഴേക്കും ബ്രാൻഡിങ് നിബന്ധനകളെ ചൊല്ലി കേരളവും കേന്ദ്രവും തമ്മില്‍ തർക്കമായി. പ്രാഥമിക തല ആശുപത്രികളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കണമെന്നതടക്കമായിരുന്നു കേന്ദ്ര നിര്‍ദേശം. നാഷണല്‍ ഹെല്‍ത്ത് മിഷൻ ഫണ്ട് ഉപയോഗിക്കുന്ന പദ്ധതികള്‍ക്ക് ഏകീകൃത സ്വഭാവം വേണമെന്നുള്ളതായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. പേരുമാറ്റാനോ പേരിനൊപ്പമുളള പുതിയ ലോഗോ ഉപയോഗിക്കാനോ തയാറല്ലെന്നായിരുന്നു കേരളത്തിന്‍റെ നിലപാട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാഷ്ട്രീയ നിലപാടായി തന്നെ അത് ഉയര്‍ത്തികാട്ടുകയും ചെയ്തു. ആദ്യഘട്ടത്തില്‍ എതിർത്ത തമിഴ്നാട് ഉള്‍പ്പെടുള്ള സംസ്ഥാനങ്ങള്‍ പിന്നീട് വഴങ്ങി മുഴുവൻ തുകയും നേടിയെടുത്തു. കേരളം ഒടുവില്‍ ബ്രാൻഡിങ് ചട്ടങ്ങള്‍ പാലിച്ചപ്പോഴേക്കും 636 കോടി രൂപ ലാപ്സായി. കേന്ദ്രം തുക നല്‍കിയില്ലെങ്കിലും സ്വന്തം ഫണ്ട് ഉപയോഗിച്ച്‌ പദ്ധതികള്‍ നടപ്പാക്കിയെന്നുള്ളതാണ് കേരളത്തിന്‍റെ അവകാശവാദം. പക്ഷേ പണം ലാപ്സാക്കിയതിന്‍റെ അധിക ബാധ്യതയാണ് ഈ സാമ്പത്തിക വർഷവും കേരളം നേരിടുന്നത്. പാഴായ തുക ഇനി അനുവദിക്കാൻ സാധ്യതയില്ല. പക്ഷേ പാഴായ 636 കോടിയുടെ കണക്ക് പറഞ്ഞ് ആവർത്തിക്കുകയാണ് കേരളം.

2024-25 സാമ്പത്തിക വർഷത്തില്‍ എന്‍എച്ച്‌എം പദ്ധതികള്‍ക്ക് അനുവദിച്ച 936 കോടിയും കേരളത്തിന് കിട്ടിയിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ബാധ്യതകള്‍ ആരോഗ്യവകുപ്പ് മറികടക്കുന്നത്. ഇതോടെപല പദ്ധതികള്‍ക്കും ഈ വർഷം പണമെടുക്കാനില്ലാത്ത അവസ്ഥയുമുണ്ടായി. ആശാ വർക്കർമാർക്ക് ഹോണറേറിയം നല്‍കാനായി പ്രതിവർഷം 219 കോടി രൂപയ്ക്കടുത്ത് വേണം. ഇൻസെന്‍റീവ് ഇനത്തില്‍ 120 കോടിയും വേണം. ഇതിനിടെയാണ് കേരളത്തിലാണ് ഏറ്റവും അധികം ഓണറേറിയമെന്ന ആരോഗ്യമന്ത്രിയുടെ വാദവും പൊളിയുന്നത്. ഓണറേറിയം 10000 രൂപയാക്കിയുള്ള സിക്കിം സർക്കാറിന്‍റെ 2022 ലെ വിജ്ഞാപനമാണ് പുറത്തുവന്നത്.

Hot Topics

Related Articles