ആഗസ്ത് 15 ന് 2500 കേന്ദ്രങ്ങളില്‍ ആസാദി മീറ്റ് സംഘടിപ്പിക്കും: അജ്മല്‍ ഇസ്മാഈല്‍ 

തിരുവനന്തപുരം: ആഗസ്ത് 15 ന് സംസ്ഥാനത്തെ 2500 കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യത്തിന് കാവല്‍ നില്‍ക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി ആസാദി മീറ്റ് സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍. വൈദേശികാധിപത്യത്തില്‍ നിന്ന് സ്വതന്ത്രമായി 75 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ പൗരന്മാരുടെ അവസ്ഥ അതിദയനീയമായി തുടരുകയാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും ജനകോടികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. ഇതിനിടെ ഫാഷിസ്റ്റ് ഭരണകൂടം പൗരസ്വാതന്ത്ര്യം അനുദിനം കവര്‍ന്നെടുക്കുകയാണ്.  ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചയെ അനുസ്മരിപ്പിക്കുംവിധം അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെ പൗരന്മാര്‍ക്ക് നിഷേധിക്കപ്പെടുകയാണ്.  സംഘപരിവാരത്തിന്റെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ പൗരന്മാര്‍ക്ക് നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരേ ശബ്ദിക്കാനോ പ്രതിഷേധിക്കാനോ ഉള്ള സ്വാതന്ത്ര്യം പോലും അനുവദിക്കപ്പെടുന്നില്ല. പൊരുതി നേടിയ സ്വാതന്ത്ര്യം നിലനിര്‍ത്താനും സംരക്ഷിക്കാനും വീണ്ടും പൊരുതേണ്ട അവസ്ഥയിലാണ്. ബിജെപി ഭരണത്തില്‍ രാജ്യസുരക്ഷ പോലും അപകടത്തിലായിരിക്കുന്നു. പൗരന്മാര്‍ക്ക് അവരുടെ ജീവനും സ്വത്തിനും സുരക്ഷയില്ലാതായിരിക്കുന്നു. ഇന്നലെകളില്‍ ഗുജറാത്തില്‍ നടന്ന വംശീയ ഉന്മൂലന അതിക്രമങ്ങള്‍ ഇന്ന് മണിപ്പൂരും ഹരിയാനയും കടന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുന്നു. ഭരണകൂടങ്ങള്‍ തന്നെ പൗരാവകാശങ്ങള്‍ കവര്‍ന്നെടുക്കുമ്പോള്‍ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള സമരപോരാട്ടങ്ങള്‍ക്ക്  രാജ്യസ്നേഹികള്‍ തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നു.  രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള യോജിച്ച മുന്നേറ്റത്തിന് പൗരസമൂഹം തയ്യാറാവണമെന്ന സന്ദേശമുയര്‍ത്തിയാണ് സ്വാതന്ത്ര്യസമര ചരിത്രങ്ങളില്‍ പ്രചോദിതമായി സംസ്ഥാന വ്യാപകമായി ആസാദി മീറ്റുകള്‍ സംഘടിപ്പിക്കുന്നതെന്നും അജ്മല്‍ ഇസ്മാഈല്‍ വ്യക്തമാക്കി.

Hot Topics

Related Articles