കൊച്ചി: ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടി സ്റ്റാർ ചിത്രം ‘അതിരടി’യുടെ ലിറിക് വീഡിയോ റിലീസ് ചെയ്തു. ഫെജോയും പൂർണിമ കണ്ണനും ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീതം നല്‍കിയത് വിഷ്ണു വിജയ് ആണ്. സുഹൈല്‍ കോയയുടേതാണ് വരികള്‍. ചിത്രം മെയ് 14 ന് ആഗോള റിലീസായെത്തും.
ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ ഡോ. അനന്തു എസും, ബേസില്‍ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ചേർന്നാണ്. നവാഗതനായ അരുണ്‍ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാർത്ഥിയായാണ് ബേസില്‍ ഈ ചിത്രത്തിലഭിനയിക്കുന്നത്. ശ്രീക്കുട്ടൻ വെള്ളായണി എന്ന ഗായകനായി ടോവിനോ തോമസ് എത്തുമ്പോള്‍, വിനീത് ശ്രീനിവാസൻ ആയി തന്നെയാണ് വിനീത് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിലെ നായികയായ റിയ ഷിബുവിന്റെ കഥാപാത്രത്തിന്റെ പേര് സ്വാതി ആർ കൃഷ്ണ എന്നാണ്. സംഗീത സംവിധായകൻ ഷാൻ റഹ്മാനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ബേസില്‍ ജോസഫ് – ടോവിനോ തോമസ് – വിനീത് ശ്രീനിവാസൻ ടീമിൻ്റെ തകർപ്പൻ പ്രകടനം ആയിരിക്കും ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് സൂചന. ബേസില്‍ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരുടെ കഥാപാത്രങ്ങള്‍ക്ക് തകർപ്പൻ അവതരണം നല്‍കിയ, ചിത്രത്തിന്റെ ടൈറ്റില്‍ ടീസറും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസില്‍ ജോസഫിൻ്റെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വലുതാണ്. മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നുണ്ട്. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, സമീർ താഹിർ, അരുണ്‍ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പോള്‍സണ്‍ സ്കറിയ, അരുണ്‍ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്. മലയാളം കൂടാതെ, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

