ബംഗളൂരു: ഒറ്റമണിക്കൂറിനിടെ പെയ്ത ഒറ്റപ്പെയ്ത്തില്‍ കുളമായി ബെംഗളൂരു നഗരം. ബുധനാഴ്ച വൈകുന്നേരം അഞ്ചേകാലോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ആണ് ആലിപ്പഴം വീഴ്ചയോടെ ശക്തമായ മഴ പെയ്തിറങ്ങിയത്, പിന്നാലെ 50 കിലോമീറ്റർ വേഗതയില്‍ കാറ്റും വീശിയതോടെ മരങ്ങള്‍ കടപുഴകുകയും ചില്ലകള്‍ വീഴുകയും ചെയ്ത് നഗര ഗതാഗതം നിശ്ചലമായി. എംജി റോഡ്, അശോക് നഗർ, റിച്ച്‌മണ്ട് ടൗണ്‍, ഉള്‍സൂർ, ഇന്ദിരാനഗർ, കൊറമംഗല, ചിക്പേട്ട്, ചാമരാജ്പേട്ട്, വിവി പുരം, ബനശങ്കരി, ജെപി നഗറിൻ്റെ ഭാഗങ്ങള്‍, ബിടിഎം ലേഔട്ട്, ബെലന്ദൂർ തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. അശോക് നഗറിലും കണ്ഠീരവ സ്റ്റേഡിയത്തോട് ചേർന്ന പ്രദേശങ്ങളിലും കട്ടികൂടിയ ആലിപ്പഴം വീഴ്ച ഉണ്ടായി.
ശക്തമായ മഴയെ തുടർന്ന് റോഡുകളിലും പ്രധാന വാണിജ്യ കേന്ദ്രങ്ങളിലും മിനിറ്റുകള്‍ക്കകം രണ്ടുമുതല്‍ മൂന്ന് അടിവരെ ഉയരത്തില്‍ വെള്ളമൊഴുക്ക് ഉണ്ടായി. ഓടകള്‍ നിറഞ്ഞുകവിഞ്ഞതോടെ താഴ്ന്ന ഭാഗങ്ങളില്‍ പ്രളയ സമാനമായ സാഹചര്യം. റോഡുകളില്‍ വെള്ളം കയറിയതോടെ ബൈക്ക് യാത്രക്കാരും ഓഫീസ് ജോലിക്കാരും വ്യാപാരികളും ഒറ്റപ്പെട്ടുപോയി. പോസ്റ്റുകളും കേബിളുകളും നിലംപതിച്ചും ട്രാൻസ്ഫോർമറുകളില്‍ പൊട്ടിത്തെറി ഉണ്ടായും വൈദ്യുതിവിതരണം നിലച്ചതോടെ ബെംഗളൂരുവിലെ വൈദ്യുതി വിതരണ ഏജൻസിയായ ബെസ്കോം ജീവനക്കാരും പാടുപെട്ടു. 50ലധികം വൈദ്യുതി പോസ്റ്റുകള്‍ നിലംപതിച്ചപ്പോള്‍ മരങ്ങളും ചില്ലകളും വീണ് 200ലധികം പോസ്റ്റുകള്‍ക്ക് കേടുപാട് സംഭവിച്ചുവെന്നാണ് കണക്ക്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മതിലിടിഞ്ഞു, വൈദ്യുതാഘാതം; ദാരുണമരണങ്ങള്‍
കനത്ത മഴയില്‍ ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയുടെ മതിലിടിഞ്ഞ് ഷോപ്പിങ് നടത്തുകയായിരുന്ന പെണ്‍കുട്ടി അടക്കം ഏഴുപേർക്ക് ദാരുണാന്ത്യം സംഭവിച്ചു. ഇതില്‍ എറണാകുളം രാമമംഗലം സ്വദേശികളായ സ്മിത, ലത എന്നിവരും ഉള്‍പ്പെടുന്നു. ഒൻപതുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് ഇത്രയും വലിയൊരു മഴക്കെടുതിക്ക് നഗരം സാക്ഷ്യം വഹിക്കുന്നത്. ശിവാജിനഗറിലും ബന്നാർഗട്ട റോഡിലും പൊട്ടിവീണ വൈദ്യുതിലൈനില്‍നിന്ന് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു. ചാമരാജ്പേട്ടിലെ അശ്വത്കട്ടെ റോഡില്‍ വീടിന്റെ മേല്‍ക്കൂരയും ഭിത്തിയും തകർന്നുവീണ് മറ്റൊരാളും മരിച്ചു.
പെയ്തിറങ്ങിയത് 78 മില്ലിമീറ്റർ മഴ
നഗരഹൃദയ ഭാഗങ്ങളില്‍ 78 മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ കണക്ക്. അതോടൊപ്പം തന്നെ തെക്ക്, കിഴക്കൻ ഭാഗങ്ങളിലും ഗണ്യമായ മഴ ലഭിച്ചു. അടുത്ത 48 മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

