ന്യൂയോർക്ക്: 2026 ലെ ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തില്‍ ബെല്‍ജിയവും ഈജിപ്തും സമനിലയില്‍. ഇരുടീമുകളും മികച്ച പ്രകടനം കാഴ്ച വച്ച മത്സരത്തില്‍ കളിയുടെ ആദ്യ പകുതിയില്‍ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് ഈജിപ്താണ് ആദ്യം ലീഡ് എടുത്തത്.പത്തൊൻപതാം മിനിറ്റില്‍ മുഹമ്മദ് സലായുടെ പക്കല്‍ നിന്നും ലഭിച്ച കൃത്യതയാർന്ന ഒരു പാസിനെ മനോഹരമായി വിനിയോഗിച്ചുകൊണ്ട് ഇമാം അഷൂർ തൊടുത്തുവിട്ട അതിശക്തമായ ഒരു ഷോട്ടാണ് ഈജിപ്തിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. ആദ്യ പകുതിയില്‍ ഉടനീളം കൗണ്ടർ അറ്റാക്കുകളിലൂടെ ബെല്‍ജിയത്തിന് വലിയ രീതിയില്‍ ഭീഷണി ഉയർത്താൻ ഈജിപ്ഷ്യൻ പടയ്ക്ക് സാധിച്ചു. ആദ്യ പകുതി അവസാനിക്കുന്നത് വരെ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ കഴിയാതെ പതറിയ ബെല്‍ജിയം നിരയെ ഈജിപ്ത് പൂർണ്ണമായും സമ്മർദ്ദത്തിലാഴ്ത്തിയിരുന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ തന്ത്രപരമായ മാറ്റങ്ങളുമായി കളിക്കളത്തില്‍ ഇറങ്ങിയ ബെല്‍ജിയം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിനെ കളത്തിലിറക്കിയത് ബെല്‍ജിയത്തിന്റെ ആക്രമണങ്ങള്‍ക്ക് മൂർച്ച കൂട്ടി. കളിയുടെ അറുപത്തിയാറാം മിനിറ്റില്‍ ബെല്‍ജിയം തങ്ങളുടെ സമനില ഗോള്‍ കണ്ടെത്തി. ഈജിപ്ഷ്യൻ താരം മുഹമ്മദ് ഹാനിയുടെ പിഴവില്‍ നിന്നാണ് ഈ ഗോള്‍ പിറന്നത്. തോമസ് മ്യൂനിയർ ബോക്സിലേക്ക് ലുക്കാക്കുവിനെ ലക്ഷ്യമാക്കി നല്‍കിയ അപകടകരമായ ഒരു ക്രോസ്, ഈജിപ്ഷ്യൻ പ്രതിരോധ താരം യാസർ ഇബ്രാഹിമിന്റെ ശരീരത്തില്‍ തട്ടി ദിശമാറി വന്നപ്പോള്‍ മുഹമ്മദ് ഹാനിക്ക് അത് കൃത്യമായി പ്രതിരോധിക്കാൻ സാധിച്ചില്ല. ഹാനിയുടെ കാലില്‍ തട്ടിയ പന്ത് അബദ്ധത്തില്‍ സ്വന്തം വലയിലേക്ക് തന്നെ കയറുകയായിരുന്നു.


