മെട്രോ ട്രാക്കിലൂടെ നടന്നുകയറി യുവാവ്; അരമണിക്കൂറോളം നിര്‍ത്തി വെച്ച്‌ സര്‍വ്വീസ്; അന്വേഷണം ആരംഭിച്ച് പൊലീസ്

ബംഗളൂരു : മെട്രോ ട്രാക്കിലേക്ക് യുവാവ് അതിക്രമിച്ച്‌ കടന്നതിനാല്‍ സർവ്വീസ് നിർത്തി വെച്ച്‌ ബെംഗളൂരു മെട്രോ. കെങ്ങേരി മെട്രോ സ്റ്റേഷന്റെ പരിധിയില്‍ ഇന്നലെയാണ് സംഭവം. സംഭവത്തെ തുടർന്ന് രാജ രാജേശ്വരി നഗറിനും കെങ്ങേരി സ്റ്റേഷനുമിടയില്‍ മെട്രോ സർവ്വീസ് തടസ്സപ്പെട്ടു. അരമണിക്കൂറിന് ശേഷമാണ് പിന്നീട് സര്‍വ്വീസ് ആരംഭിച്ചത്. സംഭവത്തില്‍ അന്വേഷണം തുടങ്ങി. സമീപത്തെ മെട്രോ ട്രാക്കില്‍ യുവാവിനെ കണ്ടതോടെ അധികൃതരെത്തി പരിശോധന നടത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

ട്രാക്കിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ ശ്രദ്ധയില്‍ പെട്ടതോടെ സർവ്വീസ് 27 മിനിറ്റോളം നിർത്തിവെക്കുകയായിരുന്നു. പാളങ്ങളിലെ വൈദ്യുതി വിതരണം നിർത്തിവയ്ക്കാനും ഉദ്യോഗസ്ഥർ എൻജിനീയറിങ് സംഘത്തിനോട് നിർദേശിക്കുകയും ചെയ്തു. അതേസമയം, യുവാവിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതാദ്യമായല്ല ഇവിടെ ഇത്തരത്തിലുള്ള സംഭവം. ജനുവരിയില്‍ മറ്റൊരു യുവാവ് മെട്രോ ട്രാക്കിലേക്ക് ചാടിയിറങ്ങിയത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ട്രാക്കില്‍ യുവാവിനെ കണ്ടതോടെ ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത കുറച്ചെങ്കിലും ട്രെയിൻ യുവാവിനെ തട്ടിയിരുന്നു. പിന്നീട് സുരക്ഷാ ജീവനക്കാരാണ് ഇയാളെ രക്ഷിച്ചത്. മെട്രോ ട്രാക്കുകളില്‍ കയറുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ഇത് അത്യന്തം അപകടകരവുമാണെന്നും ബിഎംആർസിഎല്‍ പറഞ്ഞു.

Hot Topics

Related Articles