തിരുവനന്തപുരം:നാഗ്പൂരിൽ മലയാളി വൈദികനെയും ഭാര്യയെയും സഹായികളെയും മതപരിവർത്തന ആരോപണത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി സിഎസ്ഐ സഭ മധ്യകേരള ഇടവക ബിഷപ്പ് സാബു മലയിൽ കോശി. വൈദികർ നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ലെന്നും കുഗ്രാമങ്ങളിലുള്ളവർക്ക് വിദ്യാഭ്യാസവും ആരോഗ്യസഹായങ്ങളും നൽകുന്നതാണ് അവർ ചെയ്തുവരുന്നതെന്നും ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ 12 വർഷമായി നാഗ്പൂരിൽ ഇവരുടെ സാമൂഹിക പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും കുട്ടികൾക്കായി സ്കൂളുകൾ നടത്തുകയും ആരോഗ്യപരമായ സേവനങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ നാഗ്പൂരിൽ നടക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന് എതിരായ നടപടിയാണെന്നും ബിഷപ്പ് ആരോപിച്ചു.നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നാഗ്പൂർ മിഷനിലെ മലയാളി പാസ്റ്റർ സുധീറിനെയും ഭാര്യ ജാസ്മിനെയും സഹായികളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ക്രിസ്മസുമായി ബന്ധപ്പെട്ട ആരാധന ചടങ്ങുകൾ നടക്കുന്നതിനിടെയാണ് പോലീസ് നടപടി ഉണ്ടായതെന്നും ബിഷപ്പ് പറഞ്ഞു. വൈദികനായ സുധീറിനെ അവിടെ വിളിച്ചുവരുത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.ക്രൈസ്തവ മിഷണറിമാരുടെ പ്രവർത്തനങ്ങളാണ് പല കുഗ്രാമങ്ങളുടെയും സാമൂഹിക വളർച്ചയ്ക്ക് സഹായകരമാകുന്നതെന്നും, യാതൊരു ന്യായവുമില്ലാതെയാണ് അറസ്റ്റ് നടത്തിയതെന്നും ബിഷപ്പ് വിമർശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ പോലീസ് നടപടി സിഎസ്ഐ ബിഷപ്പ് കൗൺസിൽ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം അറിയിച്ചു.ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരടക്കം സഹായികളായ 12 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് വിവരം. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഏത് വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.


