ചങ്ങനാശേരി : കേന്ദ്ര ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി തമിഴ്നാട്ടിൽ സേവനമനുഷ്ഠിച്ച ഷാജി പി ജേക്കബ് സർവീസിൽ നിന്നും വിരമിച്ചു. 1988ൽ ഇന്ത്യൻ റവന്യൂ സർവീസിൽ (IRS) പ്രവേശിച്ച അദ്ദേഹം നീണ്ട 35 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ എറണാകുളം, കൊല്ലം, ബാംഗ്ലൂർ, ചെന്നൈ, പനജി, ട്രിച്ചി എന്നീ സ്ഥലങ്ങളിൽ ആദായനികുതി വകുപ്പിന്റെ വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1994-97 കാലത്ത് എറണാകുളത്ത് സേവനം അനുഷ്‌ഠിച്ച കാലയളവിൽ പ്രസിദ്ധമായ ഭീമ ജ്യൂവലേഴ്‌സ്, ഈസ്റ്റേൺ, കെടി കുഞ്ഞുമോൻ കേസുകൾക്ക് അദ്ദേഹം നേതൃത്വം വഹിച്ചു. ചങ്ങനാശ്ശേരി സ്വദേശിയായ ഷാജി പി ജേക്കബ് കേരള കാർഷിക സർവകലാശാലയിൽ നിന്ന് കൃഷിശാസ്ത്രത്തിൽ ബിരുദവും ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കൃഷി ശാസ്ത്രത്തിൽ സ്വർണമെഡലോടെ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഇന്ത്യയിലെ ആദായനികുതി പരിഷ്കരണത്തിനുള്ള വിവിധ കമ്മറ്റികളിൽ അംഗമായിരുന്ന ഇദ്ദേഹം ആദായനികുതി വകുപ്പിന് വേണ്ടി നിരവധി സുപ്രധാന കേസുകൾ കൈകാര്യം ചെയ്തു.
മൂന്നുപതിറ്റാണ്ട് നീണ്ട സേവനത്തിൽ അദ്ദേഹം വാദിച്ച നൂറിൽപരം കേസുകൾ വിവിധ നിയമ വാരികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദായ നികുതി സംബന്ധിച്ചുള്ള കോടതി വിധികളെ കുറിച്ച് തയ്യാറാക്കിയ കേസ് ലോസ് ഇൻ ഫേവർ ഓഫ് ഡിപ്പാർട്ട്മെൻഡ് എന്ന പുസ്തകം സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ഒന്നാം പതിപ്പ് 2009ലും രണ്ടാം പതിപ്പ് 2012ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൻറെ മൂന്നാംപതിപ്പും സിബിഡിടി ഉടൻതന്നെ പ്രസിദ്ധീകരിക്കും. ഒരു വ്യക്തിയുടെ പേരിൽ സിബിഡിടി ആദ്യമായി പ്രസിദ്ധീകരിച്ച ഏക ഗ്രന്ഥമാണിത്. ആദായനികുതി നിയമത്തിലെ വിവിധ വകുപ്പുകളെ കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതിയ ഇദ്ദേഹം ഈ വർഷം മുതൽ യുഎഇയിൽ ആദായനികുതി നടപ്പാക്കുന്നതിനെ കുറിച്ച് അടുത്തിടെ എഴുതിയ ലേഖനവും വളരെ ശ്രദ്ധേയമാണ്.
ഭാര്യ സിമി (കെഎസ്ഇ ലിമിറ്റഡ്. ഡയറക്ടർ) ഇരിങ്ങാലക്കുട പുല്ലോക്കാരൻ കുടുംബാംഗമാണ്. മകൻ സിദ്ധാർത്ഥ് കൽക്കട്ട ഐഐഎംൽ നിന്നും എംബിഎ പാസായതിനുശേഷം ഡൽഹി ഗുർഗാവോണിൽ ജോലി ചെയ്യുന്നു.