ചങ്ങനാശേരി: യുവതിയെയും പിതാവിനെയും സഹോദരിയെയും അയൽവാസികൾ തർക്കത്തെ തുടർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ചങ്ങനാശേരി വാഴപ്പള്ളി പറാൽ പുതുച്ചിറയിൽ വീട്ടിൽ അജികുമാറിനെയും (55), മക്കളായ അച്ചു അജികുമാറിനെയും (20), അലീന അജികുമാറി (25)നെയും ആക്രമിച്ചു പരിക്കേൽപ്പിച്ചതായാണ് പരാതി. അയൽവാസികളായ കുടുംബമാണ് ആക്രമണം നടത്തിയതെന്നും പരാതിയിൽ പറയുന്നു.
ഏപ്രിൽ 12 ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇവരുടെ അയൽവാസികളായ ജോയി, മാർട്ടിൻ, മാർട്ടിന്റെ മകനും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ജോലി കഴിഞ്ഞ വീട്ടിലേയ്ക്ക് വരികയായിരുന്ന അച്ചു പിതാവിനെ ഇവർ സംഘം ചേർന്ന് ആക്രമിക്കുന്നതാണ് കണ്ടതെന്ന് പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് പിടിച്ചു മാറ്റാൻ ചെന്ന അച്ചുവിനെയും, ഇത് കണ്ട് ഓടിയെത്തിയ സഹോദരി അലീനയെയും അക്രമി സംഘം ആക്രമിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഘർഷം തടയാൻ ശ്രമിച്ച അച്ചുവിന്റെ സ്വകാര്യ ഭാഗത്ത് കടന്നു പിടിച്ചതായും, അസഭ്യം വിളിച്ചതായും പരാതിയിൽ പറയുന്നു. തുടർന്ന് പ്രതികൾ കമ്പിയും മുളവടിയും ഉപയോഗിച്ച് മൂന്നു പേരെയും ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മൂന്നു പേരും ആദ്യം ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ എത്തി. തുടർന്ന് , സ്റ്റേഷൻ എസ്.എച്ച്.ഒയുടെ നിർദേശാനുസരണം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെ തുടർന്ന് മൂന്നു പേരേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് അയച്ചു.
എന്നാൽ, സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും വിഷയത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാകുന്നില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ആക്രമണത്തിന് ഇരയായവരുടെ മൊഴിയെടുക്കാനോ കേസ് രജിസ്റ്റർ ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ലെന്നാണ് ആരോപണം. പൊലീസിന്റെ ഭാഗത്തു നിന്നും നടപടിയെടുണ്ടായില്ലെങ്കിൽ ജില്ലാ പൊലീസ് മേധാവിയ്ക്ക് അടക്കം പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

