ഫോട്ടോ : അരീപറമ്പിൽ രാത്രികാലങ്ങളിൽ തെരുവ് നായ കൂട്ടം കൂട്ടം കൂടി നിൽക്കുന്നു
ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്തിലെ പ്രധാന കേന്ദ്രമായ അരീപ്പറമ്പ് ജങ്ഷനിൽ തെരുവുനായ ശല്യം രൂക്ഷമായി. പകൽ സമാധാനമായിരുന്ന തെരുവുകൾ രാത്രിയാകുമ്പോൾ നായക്കൂട്ടങ്ങളുടെ താവളമായി മാറുകയാണ്. അമ്പതോളം നായ്ക്കളാണ് അരീപ്പറമ്പ് ഷാപ്പുകവലയ്ക്കും സുകൃതം കൺവൻഷൻ സെന്ററിനും ഇടയിലായി കൂട്ടം ചേരുന്നത്. ചേർത്തല തെക്ക് ഗവ. ഹയർസെക്കൻഡറി സ്കൂൾ പരിസരവും നായകളുടെ പ്രധാന താവളമായി മാറിയിട്ടുണ്ട്. രാത്രി സമയങ്ങളിൽ കൂട്ടത്തോടെ തമ്പടിക്കുന്ന നായകൾ ആക്രമണകാരികളാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പിന്നാലെ ഉച്ചത്തിൽ കുരച്ചുകൊണ്ട് ഓടുന്നത് പതിവുകാഴ്ചയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതുമൂലം ഡ്രൈവർമാർ പോലും ഭയപ്പെട്ടാണ് അരീപ്പറമ്പ് ഭാഗം കടന്നുപോകുന്നത്. അനുദിനം നായകളുടെ എണ്ണം വർധിച്ചുവരികയാണ്. മറ്റിടങ്ങളിൽ നിന്ന് പിടികൂടി എബിസി കേന്ദ്രത്തിൽ വന്ധ്യംകരണം നടത്തിയ ശേഷം അരീപ്പറമ്പിൽ തന്നെ തുറന്നുവിടുന്നതാണ് എണ്ണം കൂടാൻ കാരണമെന്നും ആക്ഷേപമുണ്ട്.
രാവിലെ സ്കൂളിലേക്ക് പോകുന്നതിനും തിരികെ വരുന്നതിനും വിദ്യാർഥികൾ ഭീതിയോടെയാണ് വഴിയിലൂടെ കടന്നുപോകുന്നത്. തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.


