ഹൈദരാബാദ് : ആമേൻ’, ‘നോർത്ത് 24 കാതം’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ തെന്നിന്ത്യൻ താരം സ്വാതി റെഡ്ഡി (കളേഴ്സ് സ്വാതി) വീണ്ടും വിവാഹിതയായി.തെലുങ്ക് ചലച്ചിത്ര സംവിധായകനായ ശ്രീകാന്ത് നഗോതിയാണ് വരൻ. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ വിവാഹചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സ്വാതി തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് സ്വാതി തന്റെ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. സ്വാതി റെഡ്ഡി അഭിനയിച്ച് 2023-ല്‍ പുറത്തിറങ്ങിയ മന്ത് ഓഫ് മധു എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ ശ്രീകാന്ത് നഗോതിയാണ് വരൻ. ബുധനാഴ്ച നടന്ന സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം. ‘ഹിച്ച്ഡ് 08-07-2026’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സ്വാതി കുറിച്ചത്.പരമ്പരാഗതമായ വസ്ത്രങ്ങളാണ് വിവാഹത്തിന് ഇരുവരും ധരിച്ചിരുന്നത്. വിവാഹ ചടങ്ങിന്റെ ഭാഗമായുള്ള ഹോമം ശ്രീകാന്ത് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ കൈ പിടിച്ച് സമീപത്തിരിക്കുന്ന സ്വാതിയാണ് ഒരു ചിത്രത്തിലുള്ളത്. പൂജാവേളയില്‍ ഇരുവരുടേയും പിന്നില്‍ നിന്നുള്ള മറ്റൊരു ചിത്രവും സ്വാതി പങ്കുവെച്ചു. വീട്ടില്‍ വെച്ച് തന്നെയാണ് വിവാഹം നടന്നതെന്നാണ് സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംവിധായിക നന്ദിനി റെഡ്ഡി, നടിമാരായ ലക്ഷ്മി മഞ്ചു, ശ്രേയാ ധന്വന്തരി, ബാഡ്മിന്റണ്‍ താരം ജ്വാലാ ഗുട്ട തുടങ്ങിയ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സ്വാതിക്കും ശ്രീകാന്തിനും ആശംസകള്‍ നേർന്ന് കമന്റുകളിട്ടത്.സ്വാതിയുടെ രണ്ടാം വിവാഹമാണ് ഇത്. 2018 സെപ്റ്റംബർ രണ്ടിനായിരുന്നു സ്വാതിയുടെ ആദ്യവിവാഹം. മലയാളിയായ പൈലറ്റ് വികാസ് വാസുവായിരുന്നു വരൻ. ഹൈദരാബാദിലായിരുന്നു വിവാഹം നടന്നത്. കൊച്ചിയില്‍ റിസപ്ഷനും നടന്നിരുന്നു. ഇരുവരും വിവാഹമോചിതരാകുന്നു എന്ന അഭ്യൂഹങ്ങള്‍ 2023-ല്‍ പ്രചരിച്ചിരുന്നുവെങ്കിലും സ്വാതി ഇതേക്കുറിച്ച് പരസ്യമായി പ്രതികരിച്ചിരുന്നില്ല. തീർത്തും സ്വകാര്യമായാണ് ഇരുവരും വിവാഹമോചിതരായത്.


