കോട്ടയം : ഉപഭോക്തൃ സേവനത്തിൽ ഗുരുതര വീഴ്ച്ച വരുത്തിയ കൺസ്ട്രക്ഷൻ ഉപകരണ വിതരണ കമ്പനിക്ക് ശിക്ഷ വിധിച്ച് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഉപജീവനത്തിനായി മുപ്പത്തിമൂന്നര ലക്ഷം രൂപയുടെ ഹൈഡ്രോളിക് എസ്കവേറ്റർ വാങ്ങിയ ഉപഭോക്താക്കൾക്ക് യന്ത്രം പ്രവർത്തിക്കാനാവശ്യമായ ഹൈഡ്രോളിക് തമ്പ് നൽകാതെ നിരുത്തരവാദപരമായി പെരുമാറിയ വിതരണക്കാരോട് മുപ്പത് ദിവസത്തിനകം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വിലയുള്ള തമ്പ് പിടിപ്പിച്ച് നൽകാനും, ഹർജിക്കാർക്കുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് പരിഹാരമായി അമ്പതിനായിരം രൂപയും, വ്യവഹാര ചിലവായി അയ്യായിരം രൂപയും നൽകാനാണ് വി.എസ്.മനുലാൽ പ്രസിഡണ്ടും, ആർ.ബിന്ദു, കെ.എം.ആൻ്റോ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചത്.
എറണാകുളം തൃക്കളത്തൂർ ആസ്ഥാനമായ മെറാക്കി കൺസ്ട്രക്ഷൻ എക്വിപ്മെൻ്റ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് എരുമേലി സ്വദേശികളായ സഹോദരങ്ങൾ ജില്ലാ ഉപഭോക്തൃ കമ്മീഷൻ മുമ്പാകെ നീതി തേടിയെത്തിയത്.2024 ഏപ്രിലിലാണ് മുപ്പത്തിമൂന്നര ലക്ഷം രൂപ വിലയുള്ള ഹിറ്റാച്ചി കമ്പനിയിൽ നിന്നും വാങ്ങിയത്. യന്ത്രം പ്രവർത്തിക്കാനാവശ്യമായ ഹൈഡ്രോളിക് തമ്പ് ആ സമയത്ത് നൽകിയിരുന്നില്ല. ഉടൻ നൽകുമെന്നായിരുന്നു വിതരണ കമ്പനിയുടെ അറിയിപ്പ്.എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും, നിരവധി തവണ ആവശ്യപ്പെട്ടിട്ടും തമ്പ് നൽകാതെ വന്നതോടെ പരാതിക്കാരുടെ ബിസിനസ് തടസപ്പെടുകയും, സാമ്പത്തിക നഷ്ടം സംഭവിക്കുകയും തുടർന്ന് വിതരണ കമ്പനിക്കും, എസ്കവേറ്റർ നിർമിച്ച കമ്പനിക്കുമെതിരെ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ മുമ്പാകെ പരാതി ഫയൽ ചെയ്യുകയുമായിരുന്നു.പരാതിക്കാർക്ക് വേണ്ടി അഡ്വ: എം.എ.റിബിൻ ഷാ കമ്മീഷൻ മുമ്പാകെ ഹാജരായി.


