കാസർകോട്: കോണ്‍ഗ്രസിന്റെ തലപ്പത്ത് ഫ്രോഡുകളാണെന്ന് എം പി രാജ്മോഹൻ ഉണ്ണിത്താൻ. സംശുദ്ധമായ രാഷ്ട്രീയ സംസ്കാരം കോണ്‍ഗ്രസിന് ആവശ്യമാണെന്നും ഇല്ലെങ്കില്‍ പാർട്ടി തകരുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാർട്ടിക്ക് ഒരുപാട് തിരുത്തലുകള്‍ ആവശ്യമാണ്. രാജിവച്ച കെപിസിസി സെക്രട്ടറി എന്റെ കാറില്‍ നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിച്ചിട്ടുണ്ട്. ഇയാളെ ആരാണ് കെപിസിസി ഭാരവാഹിയാക്കിയത് എന്നൊക്കെ എനിക്ക് പറയേണ്ടിവരും. ഉന്നതതലത്തില്‍ അവനുമായി ബന്ധമുണ്ട്. വി എം സുധീരനും എനിക്കും അറിയാവുന്ന ഒരുപാട് രഹസ്യങ്ങളുണ്ട്. ഫ്രോഡുകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. പാർട്ടിയുടെ തലപ്പത്ത് ഇത്തരം ഒരുപാട് ആളുകളുണ്ട്.
അതിനെ കുറിച്ച് ഞാൻ വ്യക്തമായി പറയും. ഭരണത്തിലെത്തി മുഖ്യമന്ത്രിയും മന്ത്രിമാരൊക്കെ വന്നിട്ട് അതിനെ കുറിച്ച് ഞാൻ പറയും. എനിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല. പല കാര്യങ്ങളും എനിക്ക് തുറന്നുപറഞ്ഞേ പറ്റൂ. കാരണം കോണ്‍ഗ്രസ് പാർട്ടി ഇവിടെ നിലനിന്നേപറ്റൂ. എന്റെ വയറ്റിപ്പിഴപ്പല്ല രാഷ്ട്രീയം. അതുകൊണ്ട് എനിക്ക് ആരെയും പേടിയില്ല. എനിക്കൊരു മോഹങ്ങളുമില്ല. മോഹങ്ങളുള്ളത് ആർക്കൊക്കെയാണെന്ന് എനിക്ക് അറിയാം. ഒരാളുടെയും പേര് വെളിപ്പെടുത്തില്ല. ഭരണമൊക്കെ ഏറ്റെടുത്തിട്ട് കോണ്‍ഗ്രസിനകത്ത് നടക്കുന്ന കാര്യങ്ങള്‍ ഞാൻ വ്യക്തമായി പറയും. അതൊന്നും പറഞ്ഞില്ലെങ്കില്‍ ഈ പാർട്ടിയെ എല്ലാവരും കൂടി നശിപ്പിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർട്ടിക്കൊരു സംവിധാനമുണ്ട്. എനിക്ക് ഇതിനെ കുറിച്ച് വ്യക്തമായൊരു ധാരണയുണ്ട്. അതുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പില്‍ പാർലമെന്റ് അംഗങ്ങള്‍ക്ക് സീറ്റ് കൊടുക്കരുതെന്ന് പറയുന്നത്. അവർക്ക് സീറ്റ് കൊടുത്താല്‍ ഉണ്ടാകുന്ന ഭവിഷത്തുകള്‍ എനിക്ക് നന്നായി അറിയാം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വളരെ മികച്ച വിജയം നേടിയെടുക്കും. 111 സീറ്റുകള്‍ നമ്മള് നേടുമെന്ന് ഉറപ്പാണ്. 100 സീറ്റുകള്‍ നേടുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. 1977-ല്‍ കരുണാകരന്റെ നേതൃത്വത്തില്‍ നമ്മള് നേടിയെടുത്തത് 111 സീറ്റാണ്. അതുപോലെ 111 സീറ്റ് നമ്മള് നേടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

