കോറോ ഹെൽത്തിൻ്റെ കേരളത്തിലെ ഓഫീസുകൾ പൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും, നിലവിലുള്ള ജീവനക്കാരെ നിലനിർത്തി ഇപ്പോഴുള്ള സ്ഥിതി തുടരണമെന്നും തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കേരളത്തിലെ ഓഫീസുകൾ പൂട്ടി എണ്ണൂറ്റിമുപ്പതോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെ നിലവിലുള്ള ലേബർ നിയമപ്രകാരം വൻതോതിലുള്ള പിരിച്ചുവിടലുകൾക്ക് 60 ദിവസം മുൻപ് ജീവനക്കാർക്ക് നോട്ടീസ് നൽകേണ്ടതുണ്ട്. കൂടാതെ ‘അവസാനം വന്നവർ ആദ്യം പുറത്തേക്ക്’ എന്ന സീനിയോറിറ്റി മാനദണ്ഡവും പാലിക്കണം. എന്നാൽ കോറോ ഹെൽത്തിന്റെ കാര്യത്തിൽ ഈ ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. പരമാവധി ജീവനക്കാരെ കേരളത്തിലെ ഓഫീസുകളിൽ തന്നെ നിലനിർത്തി ബാക്കിയുള്ളവരെ രാജ്യത്തെ മറ്റ് ഓഫിസുകളിലേക്ക് മാറ്റാൻ കമ്പനി തയ്യാറാകണം. കമ്പനിയുടെ പുതിയ പ്രോജക്ടുകൾ സംസ്ഥാനത്തിലേക്ക് കൊണ്ടുവരണം. കേരളത്തിൽ പ്രവർത്തനം തുടരാൻ ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലമായ സമീപനം ഉണ്ടായില്ലെങ്കിൽ കർശന നിയമനടപടികളിലേക്ക് നീങ്ങാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി ജൂലൈ 20-ന് കമ്പനി അധികൃതരുമായി വീണ്ടും യോഗം ചേരും. യോഗത്തിൽ കമ്പനി പ്രതിനിധികൾ നേരിട്ട് പങ്കെടുക്കണമെന്നും
മന്ത്രി ആവശ്യപ്പെട്ടു.


