കുംബ്ലെയ്ക്ക് ശേഷം ചരിത്രത്തിലേക്ക് പന്ത് തിരിച്ച് മറ്റൊരു ഇന്ത്യൻ വംശജൻ ; 10 വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റർ ; ഇന്ത്യയ്ക്ക് എതിരായ നേട്ടത്തിൽ ഇരട്ടി മധുരവുമായി അജാസ് പട്ടേൽ

മുംബൈ : മുംബൈയിൽ വാങ്കടെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് പിറന്നത് ചരിത്രം. ആളുകൾ കൂടുതലായി ഇഷ്ടപ്പെടാത്ത എന്നാൽ ക്രിക്കറ്റിന്റെ എല്ലാ സാങ്കേതിക തികവും ഒത്തിണങ്ങുന്ന ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രത്തിലേക്ക് ശനിയാഴ്ച ഒരു പേരുകൂടി എഴുതി ചേർക്കപ്പെട്ടു. ഇടത് കൈയിൽ ചരിത്രം ഒളിപ്പിച്ച് വിക്കറ്റ് ലക്ഷ്യമാക്കി പന്തെറിഞ്ഞ ഇന്ത്യൻ വംശജനായ ഒരു കുറിയ മനുഷ്യൻ ലോക ക്രിക്കറ്റ് ചരിത്രത്തിലേക്ക് നടന്നു കയറുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിംഗിസിലെ 10 വിക്കറ്റുകളും സ്വന്തമാക്കിയാണ് ന്യൂസിലാന്റ് സ്പിന്നർ അജാസ് പട്ടേൽ ചരിത്രം കുറിച്ചത്. ഇന്ത്യൻ വംശജനായ ന്യൂസിലാന്റ് സ്പിന്നർ
ഇന്ത്യയ്ക്ക് എതിരായ രണ്ടാമത്തെ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ലോക ക്രിക്കറ്റിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ബോളർ ആയത്.

ലോക ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതിന് മുൻപ് രണ്ട് പേരാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഇംഗ്ലണ്ട് ബൗളർ ജിം ലേക്കർ , ഇന്ത്യയുടെ അനിൽ കുംബ്ലെ എന്നിവരാണ് ഈ നേട്ടം കൈവരിച്ച ബോളർമാർ. ഒരു ന്യൂസിലാന്റ് ബോളറുടെ ഏറ്റവും മികച്ച ബോളിങ് പെർഫോമൻസാണ് അജാസ് പട്ടേൽ വാങ്കടയിൽ കാഴ്ച വച്ചത്. ഇന്ത്യൻ ബാറ്റർ മാരിൽ മായങ്ക് അഗർവാളിനും , അക്‌സർ പട്ടേലിനും മാത്രമാണ് ഈ ഇടം കയ്യന്റെ കുത്തി തിരിഞ്ഞ പന്തിൽ പിടിച്ചു നിൽക്കാനായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാക്കിസ്ഥാന് എതിരെ കുംബ്ലെ നേടിയ റെക്കോർഡിനൊപ്പം എത്തിയത് മറ്റൊരു ഇന്ത്യൻ വംശജൻ

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളാണ് അനിൽ കുംബ്ലെ. 1999 ഫെബ്രുവരി ഏഴിന് ഫിറോസ് ഷാ കോട്‌ലയിൽ പാക്കിസ്ഥാനെതിരായ മൽസരത്തിലാണ് 10 വിക്കറ്റുകൾ നേടി കുംബ്ലെ ചരിത്രത്തിന്റെ ഭാഗമായത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡാണ് അന്ന് കുംബ്ലെ സ്വന്തം പേരിലാക്കിയത്.എന്നാൽ ഇന്ന് ന്യൂസിലാന്റ് ബൗളർ അജാസ് പട്ടേൽ ഈ നേട്ടം കൈവരിക്കുന്നവരുടെ പട്ടികയിൽ കുംബ്ലെയ്ക്ക് ഒപ്പമെത്തുകയായിരുന്നു. അജാസ് പട്ടേലും ഇന്ത്യൻ വംശജൻ തന്നെയാണ് എന്ന പ്രത്യേകതയും ഈ നേട്ടത്തിന് പിന്നിലുണ്ട്.

അന്ന് 420 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ പാക്കിസ്ഥാനെ 207 റൺസിന് പുറത്താക്കിയത് കുംബ്ലെയുടെ മികച്ച പ്രകടനമായിരുന്നു. 74 റൺസ് മാത്രം വഴങ്ങിയാണ് കുംബ്ലെ 10 വിക്കറ്റ് സ്വന്തമാക്കിയത്. എങ്കിൽ അജാസ് വഴങ്ങിയത് 109 റൺസാണ്. ഇരുവരും സ്പിന്നർമാർ എന്ന പ്രത്യേകതയും ഉണ്ട്. സയിദ് അൻവറും ഷാഹിദ് അഫ്രീദിയും ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി പാക്കിസ്ഥാനെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അധികം വൈകാതെ കുംബ്ലെ ഈ കൂട്ടുകെട്ട് തകർത്തു. പിന്നാലെയെത്തിയ ആർക്കും കുംബ്ലെയുംട ബൗളിങ് പ്രകടനത്തിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. പാക്കിസ്ഥാൻ നിര ഒന്നടങ്കം തകരുകയും ഇന്ത്യ വിജയിക്കുകയും ചെയ്തു.

ജന്മനാട്ടിൽ ചരിത്രം എറിഞ്ഞിട്ട് അജാസ്

ടെസ്റ്റ് ക്രിക്കറ്റിൽ 10 വിക്കറ്റ് നേടിയ അജാസിന് ഇത് ഇരട്ടി മധുരം നൽകുന്ന നേട്ടം. ഇന്ത്യൻ വംശജനായ അജാസ് ജനിച്ചത് മുംബൈയിലാണ്. തന്റെ എട്ടാം വയസിലാണ് കുടുംബം ന്യൂസിലാന്റിലേക്ക് താമസം മാറ്റിയത്. ജനിച്ച നാട്ടിൽ ആ നാടിനെതിരെ ചരിത്ര നേട്ടം കൈവരിക്കുവാൻ കഴിഞ്ഞു എന്ന പ്രത്യേകതയും അജാസിന്റെ നേട്ടത്തിന് പിന്നിലുണ്ട്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബൗളർക്ക് ഒപ്പമെത്തി എന്നതും മുംബൈയിൽ ജനിച്ച അജാസിന്റെ നേട്ടത്തിന് കൂടുതൽ ശോഭ നൽകും.

Hot Topics

Related Articles