സാമൂഹ്യ വിരുദ്ധരുടെ വിളനിലമായി തിരുനക്കര സ്റ്റാൻഡ് ;സംശയകരമായ സാഹചര്യത്തില്‍ ആണ് -പെൺ കൂട്ടായിമകളും

കോട്ടയം:തിരുനക്കര ബസ് സ്റ്റാന്റിലെ നഗരസഭയുടെ ബഹുനില മന്ദിരത്തില്‍ നിന്നും വ്യാപാരികളെയും വിവിധ സ്ഥാപനങ്ങളെയും ഒഴിപ്പിക്കാന്‍ കാണിച്ച ആവേശം പിന്നീടില്ലാതെ വന്നതോടെ കെട്ടിടം അനാശാസ്യക്കാരുടെയും സാമൂഹ്യ വിരുദ്ധരുടെയും അഴിഞ്ഞാട്ടങ്ങളുടെ ഇടമായി മാറി.
നഗരപരിസരങ്ങളില്‍ തമ്പടിച്ചിരുന്നവര്‍ക്കെല്ലാം ഒരു അഭയകേന്ദ്രം പോലെയാണ് ഇന്ന് ഈ ഷോപ്പിങ് കോംപ്ലക്‌സ്.

Advertisements

അനാശാസ്യ ഇടപാടുകള്‍ക്ക് ഇത്രയും വിശാലവും സുരക്ഷിതവുമായ കേന്ദ്രം മറ്റ് എവിടെ കിട്ടുമെന്ന ചോദ്യം പോലും ഉയരുന്നു.
മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ഇടനാഴികളില്‍ രാപകല്‍ വ്യത്യാസമില്ലാതെ മദ്യപാനം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായുള്ള ആക്ഷേപങ്ങള്‍ ശക്തമാണ്.
ബസ് സ്റ്റാന്റിലോ കെട്ടിടങ്ങളിലോ വൈദ്യുതി വെളിച്ചമില്ലാത്തത് ഇത്തരക്കാര്‍ക്ക് വലിയ അനുഗ്രഹമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെട്ടിടങ്ങള്‍ നഗരത്തിലെ അനാശാസ്യക്കാരും സാമൂഹ്യവിരുദ്ധരും മദ്യപസംഘങ്ങളും കൈവശപ്പെടുത്തിയതോടെ ദുരിതങ്ങള്‍ അനുഭവിക്കുന്നത് സ്റ്റാന്റിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരാണ്. മദ്യപാനികളുടെ പരസ്പര തര്‍ക്കങ്ങള്‍ക്കും മല്‍പ്പിടുത്തങ്ങള്‍ക്കുമൊക്കെ മിക്കപ്പോഴും സാക്ഷിയായി മാറേണ്ടിവരിക ഇവരാണ്.

ഇപ്പോള്‍ പകല്‍ സമയങ്ങളില്‍ സ്‌കൂള്‍, കോളേജ് ആണ്‍-പെണ്‍ കൂട്ടായ്മകളുടെ കേന്ദ്രം കൂടിയായി ഇവിടം മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സംശയകരമായ സാഹചര്യത്തില്‍ ഏതാനും വിദ്യാര്‍ത്ഥികളെ ടാക്‌സി ഡ്രൈവര്‍മാര്‍ കണ്ടെത്തി. ഇവരുടെ പെരുമാറ്റത്തില്‍ പന്തികേട് കണ്ടെതോടെ പോലീസിനെ വിളിച്ചു വരുത്തി ഏല്‍പ്പിക്കുകയായിരുന്നു.

മുകള്‍ നിലകളിലേക്ക് പോകുന്നതിന് കെട്ടിടത്തിന്റെ നാലുഭാഗത്തും പടിക്കെട്ടുകള്‍ ഉണ്ട്. ഇവയില്‍ ചിലത് അടച്ചടവില്ലാതെ കിടക്കുന്നതാണ് നഗരസഭാ കോംപ്ലക്‌സ് സാമൂഹ്യവിരുദ്ധരുടെ കൈകളില്‍ എത്താന്‍ കാരണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ടാക്‌സി ഡ്രൈവര്‍മാര്‍ നഗരസഭാ ഭരണാധികാരികളോട് പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.

കെട്ടിടത്തിന്റെ മുകളിലേക്കുള്ള പടിക്കെട്ടുകള്‍ അടച്ചാല്‍ തീരാനുള്ള പ്രശ്‌നങ്ങളേ നിലവിലുള്ളൂ, പക്ഷേ ഉത്തരവാദിത്വപ്പെട്ടവര്‍ തങ്ങളുടെ ചുമതല നിര്‍വഹിക്കാന്‍ കൂട്ടാക്കാത്തത് സാമൂഹ്യവിരുദ്ധ സംഘങ്ങള്‍ക്ക് തുണയായി മാറുകയാണ്.

Hot Topics

Related Articles