ഡൽഹി സ്ഫോടനം;തുടക്കം കശ്മീരിലെ റോഡരികിലെ പോസ്റ്ററിൽ നിന്ന്; ചുരുളഴിഞ്ഞത് വൻ ഭീകര ശൃംഖല

ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ ശ്രീനഗറിലെ നൗഗാം മേഖലയിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്ററാണ് രാജ്യമാകെ വ്യാപിച്ച ഭീകര ശൃംഖലയെ പുറത്തുകൊണ്ടുവന്നത്. ജയ്ഷെ മുഹമ്മദിന് പിന്തുണ പ്രഖ്യാപിച്ച പോസ്റ്ററുകൾ ഒക്ടോബർ 19-നാണ് പ്രത്യക്ഷപ്പെട്ടത്. ജനങ്ങൾ സുരക്ഷാസേനയുമായി സഹകരിച്ചാൽ പ്രത്യാഘാതം നേരിടുമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു. ആരാണ് പോസ്റ്റർ ഒട്ടിച്ചതെന്ന അന്വേഷണത്തിലൂടെയാണ് വൻ ഭീകരവലയുടെ അറ്റം പൊലീസ് പിടിച്ചത്.

Advertisements

ഡോക്ടർമാരുടെ ശൃംഖല: ഇർഫാനിൽ നിന്ന് തുടങ്ങിയ അന്വേഷണ പാത


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യ അറസ്റ്റിൽ പെട്ടത് ഷോപിയാനിലെ ഇർഫാൻ അഹമ്മദ് എന്നയാളും ശ്രീനഗറിലെ ഒരു പാരാമെഡിക്കൽ ജീവനക്കാരനുമാണ്. ഭീകര പ്രവർത്തനങ്ങളിലേക്ക് ഡോക്ടർമാരെ അടുപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഇർഫാനാണെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. ഇർഫാനെ ചോദ്യംചെയ്‌തതിലൂടെ സംഘത്തിന്റെ ആശയവിനിമയ മാർഗങ്ങളും രഹസ്യ നീക്കങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു.

യുപിയിലും ഹരിയാനയിലും ഡോക്ടർമാർ കുടുങ്ങി

നവംബർ 5-ന് യുപിയിലെ സഹറൻപുരിൽ നിന്ന് ഡോ. അദീൽ അഹമ്മദ് റാത്തറെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ നിന്ന് ഫരീദാബാദിലെ ഡോ. മുസമ്മിൽ ഷക്കീലിനെയും ഡോ. ഷഹീൻ സയീദിനെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. നവംബർ 8-ന് ഹരിയാന പൊലീസ് സഹകരണത്തോടെ മുസമ്മിൽ ഷക്കീലിനെ അറസ്റ്റ് ചെയ്തു. അൽ-ഫലാ സർവകലാശാലയിലാണ് ഷക്കീൽ ജോലി ചെയ്തിരുന്നത്.അദീൽ റാത്തറിന്റെ അനന്തനാഗ് വസതിയിൽ നടത്തിയ പരിശോധനയിൽ എകെ–47 തോക്ക് കണ്ടെത്തി. സംഘത്തിന്റെ പദ്ധതികൾ ഇതിൽ നിന്നാണ് വ്യക്തമാകുന്നത്.

ഫരീദാബാദിൽ നിന്ന് സ്ഫോടകവസ്തുക്കളുടെ കൂമ്പാരം

നവംബർ 9-ന് ഫരീദാബാദിലെ ഡോ. മുസമ്മിൽ ഷക്കീലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2900 കിലോ സ്ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തത്. എകെ–47 തോക്കും ടൈമറുകളും വാക്കി ടോക്കിയും ഉൾപ്പെടെ നിരവധിയ്ക്ക് ആയുധോപകരണങ്ങളും കണ്ടെത്തി. ഡോ. ഷഹീൻ സയീദിന്റെ കാർ ഉപയോഗിച്ചത് ഷക്കീലാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ, ഷഹീൻ സയീദും സംഘത്തിന്റെ വനിതാ വിഭാഗത്തിന് നേതൃത്വം നൽകുന്ന പ്രധാന അംഗമാണെന്നു പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞു.

ഡൽഹി സ്ഫോടനം; ഡോ. ഉമർ നബി സംശയത്തിന്റെ കേന്ദ്രത്തിൽ

ഡൽഹി സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നു കരുതുന്ന ഡോ. ഉമർ നബിയെ കുറിച്ചുള്ള വിവരം ഷക്കീലിൽ നിന്നാണ് ലഭിച്ചത്. നവംബർ 10-ന് ചെങ്കോട്ടയിൽ നടന്ന സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. സ്ഫോടനമുണ്ടായ ഐ–20 കാറിൽ ഉമർ നബിയാണുണ്ടായിരുന്നതെന്ന് സംശയിക്കുന്നു. കാർ പാർക്കിങ് ഏരിയയിൽ മൂന്നു മണിക്കൂറോളം നിർത്തിയിരുന്നതായി കണ്ടെത്തി.

പുൽവാമയിൽ കൂടുതൽ അറസ്റ്റുകൾ

സ്ഫോടനത്തിനു പിന്നാലെ കശ്മീരിലെ പുൽവാമയിൽ വ്യാപകമായ റെയ്ഡുകൾ നടന്നു. ഉമർ നബിക്ക് കാർ നൽകിയതെന്നു കരുതുന്ന താരിഖ്, സിം കാർഡ് നൽകിയ ആമിർ, ആമിറിന്റെ സഹോദരൻ ഉമർ റഷീദ്, ഉമറിന്റെ പിതാവ് ഗുലാം നബി, സുഹൃത്ത് ഡോ. സജ്ജാദ് മല്ല, ഡിഎൻഎ പരിശോധനക്കായി മാതാവ് ഷമീമ ബീഗം എന്നിവരെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു.

അബദ്ധത്തിൽ പൊട്ടിത്തെറിച്ച സ്ഫോടകവസ്തു?

പ്രാഥമിക അന്വേഷണത്തിൽ ഡൽഹി സ്ഫോടനം ചാവേർ ആക്രമണമല്ലെന്നാണു സൂചന. സ്ഫോടക വസ്തുക്കൾ കടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണു വിദഗ്‌ധരുടെ നിഗമനം. സ്ഫോടന സമയത്ത് കാർ മന്ദഗതിയിലായിരുന്നു, സാധാരണ ചാവേർ സ്ഫോടനങ്ങളിൽ കാണുന്ന അതിവേഗ ഇടിച്ചുകയറ്റം ഉണ്ടായില്ല. ബോംബ് പൂർണ്ണമായി നിർമിച്ചിരുന്നതല്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Hot Topics

Related Articles