തിരുവനന്തപുരം: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ നവംബർ 13ന് സമ്പൂർണ പണിമുടക്കിന് ഒരുങ്ങുന്നു. അത്യാഹിത സേവനങ്ങൾ മാത്രമേ ആ ദിവസം പ്രവർത്തിക്കുകയുള്ളൂവെന്ന് കെ.ജി.എം.സി.ടി.എ (Kerala Government Medical College Teachers Association) അറിയിച്ചു.എമർജൻസി സേവനങ്ങൾ ഒഴികെ എല്ലാ ചികിത്സാ-അധ്യാപന പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ പിന്മാറും. നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് നേരത്തെ സൂചനാസമരം നടത്തിയിരുന്നെങ്കിലും, സർക്കാരിന്റെ അനാസ്ഥ തുടർന്നതിനെ തുടർന്ന് സമ്പൂർണ പണിമുടക്കിലേക്ക് കടക്കുകയാണെന്ന് സംഘടനാ നേതാക്കൾ വ്യക്തമാക്കി.
സർക്കാരിന്റെ സമീപനം മെഡിക്കൽ കോളേജ് ഡോക്ടർമാരോടും പൊതുജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസനാര ബീഗവും ജനറൽ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദും വ്യക്തമാക്കി. സർക്കാർ ഇപ്പോഴും ഉദാസീനത തുടരുകയാണെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോക്ടർമാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ
പ്രവേശന തസ്തികകളിലെ ശമ്പളത്തിലെ അപാകത പരിഹരിക്കുക.
2016 മുതൽ കുടിശികയായി കിടക്കുന്ന ശമ്പള പരിഷ്കരണം ഉടൻ അനുവദിക്കുക.
പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിന് മുൻപ് ആവശ്യമായ അക്കാദമിക് തസ്തികകൾ സൃഷ്‌ടിക്കുക.
അശാസ്ത്രീയമായ പുനർവിന്യാസം അവസാനിപ്പിക്കുക.
ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ അടിയന്തിര നിയമനം നടത്തുക.
മെഡിക്കൽ കോളേജുകളിൽ അധ്യാപകരും രോഗികളും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക.
പെൻഷൻ സീലിങ് സംബന്ധമായ അപാകത പരിഹരിക്കുക.
ഡി.എ. കുടിശിക പൂർണ്ണമായും അനുവദിക്കുക.
സമാധാനപരമായി സമരം ചെയ്‌തിട്ടും സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നതാണ് ഡോക്ടർമാരെ സമ്പൂർണ പണിമുടക്കിലേക്ക് നയിച്ചതെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു.


