വിദ്യാര്‍ഥികളുടെ  മെഡിക്കല്‍ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് വൈകുന്നതിനാല്‍ എന്‍ജിനീയറിംഗ് പ്രവേശനത്തിനു പണമടച്ചവര്‍ക്ക് മെഡിക്കല്‍ പ്രവേശനം ലഭിക്കുമ്പോള്‍ അടച്ച തുക തിരികെ നല്‍കണമെന്ന് ആവശ്യമുയരുന്നു

കോട്ടയം: വിദ്യാര്‍ഥികളുടെ  മെഡിക്കല്‍ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് വൈകുന്നതിനാല്‍ എന്‍ജിനീയറിംഗ് പ്രവേശനത്തിനു പണമടച്ചവര്‍ക്ക് മെഡിക്കല്‍ പ്രവേശനം ലഭിക്കുമ്പോള്‍ അടച്ച തുക തിരികെ നല്‍കണമെന്ന് ആവശ്യമുയരുന്നു. മെഡിക്കല്‍ അലോട്ട്‌മെന്റ് വൈകുന്നതു മൂലം എന്‍ജിനീയറിംഗ് പ്രവേശനം നേടാന്‍ നിര്‍ബന്ധിതരാകുന്ന വിദ്യാര്‍ഥികള്‍ക്ക് നീറ്റ് മുഖേന മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിച്ചാല്‍ എന്‍ജിനീയറിംഗ് പ്രവേശനത്തിന് അടച്ച തുക നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇത്തരത്തില്‍ അഡ്മിഷന്‍  ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കു എന്‍ജിനിയറിംഗ് പ്രവേശനത്തിനു അടച്ച തുക നഷ്്ടപ്പെടാതെ പ്രവേശനം റദ്ദാക്കാനും മെഡിക്കല്‍ അലോട്ട്‌മെന്റ് പരിഗണിക്കാനുമുള്ള സംവിധാനമുണ്ടാകണമെന്നാണ് ആവശ്യമാണ് ശ്കതമായിരിക്കുന്നത്.

Advertisements

കേരളത്തില്‍ എന്‍ജിനീയറിംഗ്, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ കീം വഴിയാണ് നടപ്പിലാക്കുന്നത്. എന്നാല്‍, ഇത്തവണ അഖിലേന്ത്യ തലത്തില്‍ നീറ്റ് പരീക്ഷ അനിശ്ചിതത്വത്തിലായതാണ് മെഡിക്കല്‍ അലോട്ട്‌മെന്റ് പ്രക്രിയ വൈകാന്‍ കാരണമായത്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളില്‍ പലരും എന്‍ജിനീയറിംഗിനു ചേരാന്‍ നിര്‍ബന്ധിതരായിരിക്കുന്ന സാഹചര്യമാണ്. സ്‌പെഷല്‍ ഫീസ്, കോളജ് ഫീസ് ഇങ്ങനെ 10,000 രൂപയോ അതില്‍ കൂടുതലോ വിദ്യാര്‍ഥികള്‍ അടയ്‌ക്കേണ്ടി വരുന്നുണ്ട്. പുതുതായി മെഡിക്കല്‍ അഡ്മിഷന്‍ ലഭിച്ചു എന്‍ജിനിയറിംഗില്‍ നിന്നും മാറുന്ന വിദ്യാര്‍ഥികള്‍ക്കു ഈ തുക പൂര്‍ണമായി നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചു മെഡിക്കല്‍ അലോട്ട്‌മെന്റ് ലഭിച്ചു പോകുന്ന വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിംഗ് പ്രവേശന വേളയില്‍ അടച്ച തുക തിരികെ ലഭിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇടപെടലുണ്ടാകണമെന്ന് കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ടന്റ് (കെഎസ്എസ്ടിഎഫ്) പ്രസിഡന്റ് ഡോ. നോയല്‍ മാത്യൂസ്, ജനറല്‍ സെക്രട്ടറി പോരുവഴി ബാലചന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Hot Topics

Related Articles